ആൾമാറാട്ടവും വ്യാജരേഖ ചമയ്ക്കലും; കോടികൾ തട്ടിയ പ്രതികൾക്ക് 7 വർഷം തടവ്
1537321
Friday, March 28, 2025 5:32 AM IST
പെരിന്തൽമണ്ണ: ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും കോടികൾ തട്ടിയ പ്രതികൾക്ക്് ഏഴുവർഷം തടവ് ശിക്ഷ വിധിച്ചു. അങ്ങാടിപ്പുറം സ്വദേശികളായ ഇരുന്പനക്കൽ അസീസ്, കായലും വക്കത്ത് ഉബൈദുള്ള, കടലുണ്ടി സേതുമാധവൻ, തെക്കാനത്ത് ഷാജി വർഗീസ് എന്നിവരെയാണ് പെരിന്തൽമണ്ണ മുൻസിഫ് മജിസ്ട്രേറ്റ് കെ.എൻ. ആശ ഏഴുവർഷം തടവിന് ശിക്ഷിച്ചത്. കോഴിക്കോട് ഫറൂഖ് ബസ് സ്റ്റാൻഡിനടുത്ത് പ്രണവം ടെക്സ്റ്റൈൽസ് നടത്തിയിരുന്ന ശശിധരന്റെ പരാതിയിലാണ് കോടതി നടപടി.
പ്രതികൾ ബാലുശേരിയിൽ 5.39 ഏക്കർ വസ്തു മാറ്റകച്ചവടം എന്ന വ്യാജേന തങ്ങളുടേതല്ലാത്ത വസ്തുവിന്റെ ആധാരത്തിന്റെ കോപ്പിയും വ്യാജമായി ഉണ്ടാക്കിയ എഗ്രിമെന്റും കാണിച്ചു പരാതിക്കാരന്റെ കടയ്ക്ക് മൂന്ന് കോടി രൂപ വില നിശ്ചയിക്കുകയായിരുന്നു. തുടർന്ന് ബാലുശേരിയിലെ പ്രതികളുടെ അല്ലാത്ത ഭൂമിക്ക് നാല് കോടി 40 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ചു. ഇതുപ്രകാരം പരാതിക്കാരനിൽ നിന്ന് കട ഏറ്റെടുത്തു നടത്തി. എഗ്രിമെന്റ് പ്രകാരം ലഭിക്കേണ്ട രണ്ട് കോടിയോളം രൂപ കൈമാറിയില്ല.
ഇതിനിടെ ഒന്നാംപ്രതിയുടെ മേൽവിലാസം മാറ്റി മറ്റൊരു പേരിൽ എഗ്രിമെന്റ് വച്ചും പരാതിക്കാരനെ വഞ്ചിച്ചിച്ച കേസിലാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമം 419 പ്രകാരം ഒരു വർഷവും 420 പ്രകാരം മൂന്ന് വർഷവും 10000 രൂപ പിഴയും 465 പ്രകാരം ആറ് മാസവും 468 പ്രകാരം രണ്ട് വർഷവും 10000 രൂപ പിഴയും 471 പ്രകാരം ആറ് മാസവും അടക്കം ഏഴ് വർഷമാണ് തടവ് ശിക്ഷ. ശിക്ഷ കാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി.
പരാതിക്കാർക്ക് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ. നവാബ്ഖാൻ ഹാജരായി. പ്രോസിക്യൂഷൻ 18 സാക്ഷികളെയും 24 രേഖകളും കോടതിയിൽ ഹാജരാക്കി.