പത്ത് ലിറ്റർ വിദേശ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ
1537320
Friday, March 28, 2025 5:26 AM IST
പൂക്കോട്ടുംപാടം: പത്ത് ലിറ്റർ വിദേശ മദ്യവുമായി രണ്ട് യുവാക്കളെ പൂക്കോട്ടുംപാടം പോലീസ് പിടികൂടി.പൂക്കോട്ടുംപാടം ഇൻസ്പെക്ടർ വി. അമീറലിയുടെ നേതൃത്വത്തിൽ അമരന്പലം പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇരുപത് കുപ്പികളിലായി പത്ത് ലിറ്ററോളം ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി കാരാട് പോത്തുകല്ല് സ്വദേശി ശിവൻ പ്ലാമൂട്ടിൽ സുധീഷ് (35), പോത്തുകല്ല് ഭൂദാനം സ്വദേശി കാഞ്ഞിരവിളയിൽ അരുണ്‍കുമാർ (27) എന്നിവർ പിടിയിലായത്.
പോലീസിന് നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്. അളവിൽ കൂടുതൽ വിദേശ മദ്യവുമായാണ് ഓട്ടോറിക്ഷയിൽ ഇരുവരുമെത്തിയത്. പോലീസ് വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. മദ്യം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
സമൂഹത്തിൽ നിന്ന് ലഹരി മാഫിയകളെ തുടച്ചുനീക്കാനുള്ള പ്രവർത്തനവുമായി പോലീസ് അടക്കമുള്ള വകുപ്പുകൾ മുന്നോട്ട് പോകുന്നതിന് നാട്ടുകാരുടെ വൻ പിന്തുണയാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള വിവരങ്ങൾ പോലീസിന് കൈമാറണമെന്നും വിവരങ്ങൾ കൈമാറുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കുമെന്നും ഇൻസ്പെക്ടർ പറഞ്ഞു.
സബ് ഇൻസ്പെക്ടർമാരായ ജെയിംസ്, അനുശ്രീ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സമീമ, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്, സിവിൽ പോലീസ് ഓഫീസർ അജിത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.