മഞ്ചേരിയിൽ ബജറ്റ് ചർച്ച ബഹിഷ്കരിച്ച് പ്രതിപക്ഷം
1537318
Friday, March 28, 2025 5:26 AM IST
മഞ്ചേരി : മഞ്ചേരി നഗരസഭയുടെ 2025-26 സാന്പത്തിക വർഷത്തേക്കുള്ള ബജറ്റിൻമേലുള്ള ചർച്ച പ്രതിപക്ഷം ബഹിഷ്കരിച്ചു. പൊള്ളയായ വികസന വാഗ്ദാനങ്ങൾ നിറഞ്ഞ ബജറ്റ് അംഗീകരിക്കാനാകില്ലെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.
സൈതാലിക്കുട്ടി ബൈപ്പാസിൽ കഐസ്ആർടിസി ഡിപ്പോക്ക് സ്ഥലം വാങ്ങൽ, ഷീ സ്റ്റേ പദ്ധതി, സെൻട്രൽ ജംഗ്ഷൻ വീതികൂട്ടൽ, ചെരണിയിൽ വയോജനങ്ങൾക്ക് ഓപ്പണ്‍ ജിം, ഐഎസ്ഒ സർട്ടിഫിക്കേഷൻ, അതിദരിദ്രർക്കുള്ള മൈക്രോ പ്ലാൻ, ക്ഷീര കർഷകർക്ക് സബ്സിഡി, നഗരസൗന്ദര്യവത്ക്കരണം, നഗരത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ.
അമൃത് പദ്ധതി, ഓരോ വില്ലേജിലും കളിസ്ഥലം, മാലിന്യ സംസ്കരണം നാലുകോടി, ജെൻഡർ റിസോഴ്സ് സെന്റർ, വെൽനെസ് സെന്ററുകളുടെ വികസനം തുടങ്ങിയ പദ്ധതികളെല്ലാം 2024-25 പദ്ധതിയിൽ വകയി--ത്തിയവയും എന്നാൽ ഒരു രൂപ പോലും ചെലവഴിക്കാത്ത പദ്ധതികളുമാണെന്നും വീണ്ടും ഈ പദ്ധതികൾ പുതിയ പദ്ധതികളായി അവതരിപ്പിച്ചിരിക്കുകയാണെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
ജനദ്രോഹപരമായ ബജറ്റ് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ പ്രതിപക്ഷ അംഗങ്ങൾ ചർച്ച ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. തുടർന്ന് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സാജിദ് ബാബു, ഷെറീന ജവഹർ, ബേബി കുമാരി, സജിത വിജയൻ, എ.വി. സുലൈമാൻ, അബ്ദുൾഅസീസ്, സുനിത, കരീം എന്നിവർ സംസാരിച്ചു.