പെരിന്തൽമണ്ണയിൽ മെഗാ മ്യൂസിക് ഇവന്റ്
1537317
Friday, March 28, 2025 5:26 AM IST
പെരിന്തൽമണ്ണ: ആനമങ്ങാട് മണലായ നൻമ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമൂഹ്യ,സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ധനം സമാഹരിക്കുന്നതിനായി മണലായ മെറ്റാലിക്ക ക്ലബും നൻമ ചാരിറ്റബിൾ ട്രസ്റ്റും സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക് ഇവന്റ് ഏപ്രിൽ 19ന് വൈകിട്ട് പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറും.
റാപ്പർ വേടനും ജാസി ഗിഫ്റ്റും ഗബ്രിയുമാണ് മാ-റാപ്പ് മ്യൂസിക് മെഗാ ഇവന്റിൽ പങ്കെടുക്കുന്നത്. മാ-റാപ്പ് മ്യൂസിക് ഇവന്റിന്റെ ഓണ്‍ലൈൻ ടിക്കറ്റ് വിതരണം കായിക മന്ത്രി വി.അബ്ദുറഹ്മാൻ ലതിക സതീഷിന് നൽകി ഉദ്ഘാടനം ചെയ്തു. ഓഫ്ലൈൻ ടിക്കറ്റുകളുടെ വിതരണം എക്സ്ടിഎസ് ഇന്ത്യ ഡയറക്ടർ പ്രവീണ്‍ പത്മന് നൽകി മന്ത്രി ഉദ്ഘാടനം ചെയ്തു.
മെറ്റാലിക്ക ക്ലബിന്റെ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാ-റാപ്പ് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ വഴി പ്രവേശന ടിക്കറ്റുകൾ ലഭ്യമാകും. നാല് പേർക്ക് പ്രവേശിക്കാവുന്ന 4999 രൂപയുടെ (പ്ലാറ്റിനം) ടിക്കറ്റ്, രണ്ടുപേർക്കുള്ള 2599 രൂപയുടെ (പ്ലാറ്റിനം) ടിക്കറ്റ്, ഒരാൾക്കുള്ള 1499 രൂപയുടെ (പ്ലാറ്റിനം) ടിക്കറ്റ്, ഒരാൾക്കുള്ള 999 രൂപയുടെ (ഡയമണ്ട്) ടിക്കറ്റ് എന്നിങ്ങനെയാണ് ടിക്കറ്റുകളുടെ നിരക്ക്.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.പി. മജീദ്, കണ്‍വീനർ എ.വി. ജോണ്സണ്, ട്രഷറർ പി.ടി. സൈനുദീൻ, നൻമ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ യു.അജയൻ, ടി.പി. മോഹനദാസ്, പി.പി. ചന്ദ്രശേഖരൻ, മെറ്റാലിക്ക ക്ലബ് പ്രസിഡന്റ് പി.സാദിഖ്, സെക്രട്ടറി കെ. നസ്റുദ്ദീൻ, പോഗ്രാം കോ ഓർഡിനേറ്റർ ഇ.പി. ഹരികൃഷ്ണൻ, മീഡിയ കോ ഓർഡിനേറ്റർ സത്താർ ആനമങ്ങാട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.