ഫാസ്റ്റ് ഫൈവ് നെറ്റ്ബോൾ: പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ നിന്ന് 3 താരങ്ങൾ
1537316
Friday, March 28, 2025 5:26 AM IST
അങ്ങാടിപ്പുറം: ഹരിയാനയിലെ ഭിവാനി കലിംഗ ശ്രീ ബാലാജി സീനിയർ സ്കൂൾ സ്റ്റേഡിയത്തിൽ ഇന്നു തുടങ്ങുന്ന മൂന്നാമത് ദേശീയ സബ് ജൂണിയർ ഫാസ്റ്റ് ഫൈവ് നെറ്റ് ബോൾ ചാന്പ്യൻഷിപ്പിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് കായികതാരങ്ങൾ കേരളത്തിനായി ജഴ്സിയണിയും.
പത്താം ക്ലാസ് വിദ്യാർഥികളായ ആൽഡ്രിൻ ബെന്നി, കെ.അർജുൻ, പി.ആർദ്ര എന്നിവർ കേരള ടീം പരിശീലകനും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനുമായ കെ.എസ്.സിബിയ്ക്കൊപ്പം ഹരിയാനയിലെത്തി.
പരിയാപുരം കട്ടക്കുഴിയിൽ ബെന്നിയുടെയും (ബിസിനസ്) സുജയുടെയും മകനാണ് ആൽഡ്രിൻ. ചെരക്കാപ്പറന്പ് പച്ചാടൻ സുരേഷിന്റെയും അശ്വനിയുടെയും (അധ്യാപിക, അൽ ഇർഷാദ് സ്കൂൾ, ചെറുകുളന്പ്) മകളാണ് ആർദ്ര. ചീരട്ടാമല കണ്ണത്തുപറന്പിൽ കെ.ജയപ്രസാദിന്റെയും ദിവ്യയുടെയും മകനാണ് അർജുൻ.