ലഹരിവിരുദ്ധ ബോധവത്കരണവുമായി ലൈഫ് ഈസ് ബ്യൂട്ടിഫുൾ
1537312
Friday, March 28, 2025 5:26 AM IST
തിരൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീം നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ ബോധവത്കരണ കാന്പയിൻ ലൈഫ് ഈസ് ബ്യൂട്ടിഫുൾ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിരൂർ എസ്എസ്എം പോളിടെക്നിക് കോളജിൽ തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര നിർവഹിച്ചു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന, ജില്ലാ, പഞ്ചായത്ത് ഭരണകൂടങ്ങളും വിദ്യാർഥികളടക്കമുള്ള പൊതുസമൂഹവും ഒത്തൊരുമിക്കുന്നുണ്ടെന്നും ലഹരി തുടച്ചുനീക്കും വരെ ഈ കൂട്ടായ പ്രവർത്തനം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ ഡോ.പി.ഐ. ബഷീർ അധ്യക്ഷത വഹിച്ചു. തിരൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടൻ മുഖ്യാതിഥിയായിരുന്നു ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ (എക്സൈസ് ) സാദിഖ് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അറനൂറിൽപരം വിദ്യാർഥികൾ അണിനിരന്ന് ലഹരിക്കെതിരെ മനുഷ്യ ചങ്ങലതീർത്തു.
തുടർന്ന് ദീപശിഖ പ്രയാണവും വാഹനങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണ സ്റ്റിക്കർ പതിക്കലും നടന്നു. എൻഎസ്എസ് വോളണ്ടിയേഴ്സ് കലാ,കായിക പരിപാടികൾ അവതരിപ്പിച്ചു. പങ്കെടുത്ത കലാലയങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
എൻഎസ്എസ് സ്റ്റേറ്റ് ഓഫീസർ ഡോ.ആർ.എൻ അൻസർ, ഡോ.അബ്ദുൾ ജബ്ബാർ അഹമ്മദ്, ഡോ. സുനീഷ്, സതീശൻ, രാജ്മോഹൻ, ഡോ.ബാബുരാജൻ, പി.കെ. സിനു, സില്യത്ത്, അശ്മിത, അൻവർ എന്നിവർ പ്രസംഗിച്ചു.