കാപ്പ ചുമത്തപ്പെട്ട പ്രതി നായാട്ട് കേസിൽ അറസ്റ്റിൽ
1537295
Friday, March 28, 2025 4:56 AM IST
വണ്ടൂർ: കാപ്പ ചുമത്തപ്പെട്ട പ്രതി നായാട്ട് കേസിൽ അറസ്റ്റിൽ. ഇയാളുടെ വീട്ടിൽ നിന്ന് കുറുനരിയുടെ ഇറച്ചിയും എയർഗണ്ണും കണ്ടെത്തി.
തിരുവാലി പഴയ പഞ്ചായത്ത് പടിയിലെ ബിനോയി (54) ആണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലന്പൂർ ഡിഎഫ്ഒ ധനിക് ലാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വേവിച്ചതും പൊതികളിലാക്കിയതുമായ അഞ്ച് കിലോ കുറുനരിയുടെ ഇറച്ചി, കുറുനരിയുടെ തല, ഒരു എയർഗണ്‍, ഇറച്ചി പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങൾ എന്നിവയും കണ്ടെടുത്തു. കാപ്പ കേസ് പ്രതി കൂടിയാണ് ഇയാൾ.
എടവണ്ണ, മഞ്ചേരി പോലീസ് സ്റ്റേഷനുകളിലും മഞ്ചേരി, നിലന്പൂർ എക്സൈസ് റേഞ്ചുകളിലുമായി നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. വന്യജീവിയെ വേട്ടയാടിയതിന് ഇയാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു. ബിനോയിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.