65 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ യുവതിക്ക് രക്ഷകനായി യുവാവ്
1536659
Wednesday, March 26, 2025 6:18 AM IST
കരുവാരകുണ്ട്: വെള്ളം കോരുന്നതിനിടെ 65 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ യുവതിക്ക് രക്ഷകനായി യുവാവ്. കരുവാരക്കുണ്ട് ഭവനംപറന്പിലെ വാക്കയിൽ ജിഷയ്ക്കാണ് ഭർത്താവിന്റെ സുഹൃത്തും നാട്ടുകാരനുമായ കാട്ടിൽപീടിക സുനീർബാവ രക്ഷകനായത്. കഴിഞ്ഞദിവസം രാത്രിയാണ് വെള്ളം കോരുന്നതിനിടെ ചവിട്ടി നിന്ന മരത്തടി പൊട്ടി ജിഷ കിണറ്റിൽ വീണത്. ഭർത്താവ് രാമചന്ദ്രൻ വിവരമറിയിച്ചതിനെ തുടർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ജിഷയെ സുനീർ ബാവ രക്ഷപ്പെടുത്തിയത്.
ആൾമറയില്ലാത്ത കിണറ്റിൽ വിലങ്ങനെയിട്ട തെങ്ങിൻ തടിയിൽ ചവിട്ടിയാണ് ജിഷ വെള്ളം കോരിയത്. ഇതിനിടയിൽ തടി പൊട്ടി ജിഷ കിണിറ്റിൽ വീഴുകയായിരുന്നു. റിംഗ് ഉൾപ്പെടെ ഉണ്ടായിരുന്ന 65 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്. ശബ്ദം കേട്ടെത്തിയ ജിഷയുടെ വീട്ടുകാരും സമീപവാസികളും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. പിന്നീടാണ് ജിഷയുടെ ഭർത്താവ് രാമചന്ദ്രൻ തന്റെ സുഹൃത്തായ സുനീർബാവയെ വിവരമറിയിക്കുന്നത്.
സാഹസികതയിൽ വൈദഗ്ധ്യമുള്ള സുനീർ തന്റെ കൈവശമുള്ള ആയുധങ്ങളുമായി സ്ഥലത്തെത്തി കിണറ്റിലിറങ്ങി. പിന്നീട് ഭവനംപറന്പിലെ തന്നെ മൈത്രി ക്ലബ് പ്രവർത്തകരും സഹായവുമായി എത്തിയതോടെ ഒരു മണിക്കൂറിനകം ജിഷയെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.
വീഴ്ചയുടെ ആഘാതത്തിൽ ചെവിക്കും കഴുത്തിനും പരിക്കേറ്റ ജിഷയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകി. ജിഷയ്ക്ക് ചെറിയ പരിക്കുകളുണ്ടെങ്കിലും ആഴമേറിയ കിണറ്റിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയത് സുനീർ ബാവയുടെ മനോധൈര്യം ഒന്ന് മാത്രമാണ്.
പ്രവാസിയായ സുനീർബാവ അവധിക്ക് നാട്ടിലെത്തിയതാണ്. ഒന്നരമാസം കഴിഞ്ഞാൽ തിരികെ പോകും. സ്നേക് റസ്ക്യവുവിന് വനം വകുപ്പിന്റെ ലൈസൻസുള്ള ഇദ്ദേഹം ഇതിനോടകം നിരവധി പാന്പുകളെയും പിടികൂടിയിട്ടുണ്ട്. ചിരട്ട ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കൾ നിർമിച്ചതിലൂടെയും സുനീർ ബാവ ശ്രദ്ധേയനായിരുന്നു.