യുവാവിന് വെടിയേറ്റ സംഭവം; പോലീസ് പരിശോധന നടത്തി
1536629
Wednesday, March 26, 2025 5:53 AM IST
പാണ്ടിക്കാട്: പൂരാഘോഷത്തിനിടെ യുവാവിന് വെടിയേറ്റ സംഭവത്തെ തുടർന്ന് കൊറത്തി തൊടിയിൽ പോലീസ് ശാസ്ത്രീയ പരിശോധന നടത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വിവിധ സ്ക്വാഡുകളുടെ സംയുക്താഭിമുഖ്യത്തിലാണ് തെളിവുകൾ ശേഖരിച്ചത്.
ശനിയാഴ്ച രാത്രിയാണ് പാണ്ടിക്കാട് ചെന്പ്രശേരി കൊറത്തി തൊടിയിൽ പൂരാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ എയർഗണ്‍ ഉപയോഗിച്ച് വെടിവയ്പ് നടന്നത്. ചെന്പ്രശേരി സ്വദേശി വെള്ളേങ്ങര ലുഖ്മാനാണ് വെടിയേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്യുകയും ഒളിവിൽ പോയ മുഖ്യപ്രതി ഉൾപ്പെടെ നാല് പേർക്കായി അന്വേഷണം ഉൗർജിതമാക്കുകയും ചെയ്തു.
ഇതിന് പുറമെയാണ് ശാസ്ത്രീയ സംവിധാനങ്ങൾ ഉപയോഗിച്ച് സംഘർഷം നടന്ന പ്രദേശത്ത് ഇന്നലെ പരിശോധന നടത്തിയത്. സ്റ്റേഷൻ ഹൗസ് ഓഫീസർ സി. പ്രകാശന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ്, സയന്റിഫിക് വിഭാഗം എന്നിവരാണ് തെളിവ് ശേഖരിച്ചത്.