എൽഡിഎഫ് സർക്കാർ മദ്യനയം മാറ്റിമറിച്ചെന്ന്
1536620
Wednesday, March 26, 2025 5:49 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിൽ മദ്യനിരോധന സമിതിയുടെ പ്രവർത്തനം സജീവമാക്കാൻ യോഗം ചേർന്നു. നാഷണൽ മിഷനറി സൊസൈറ്റി ഓഫ് ഇന്ത്യ പ്രമോഷണൽ സെക്രട്ടറി ഫാ.ഡോ.ജെ. വിക്ടർ യോഗം ഉദ്ഘാടനം ചെയ്തു.
മദ്യവും മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളും ഇല്ലാതാക്കാൻ കൂട്ടായ പ്രവർത്തനം വേണമെന്ന് ഫാ. വിക്ടർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രകടന പത്രികളിൽ പറഞ്ഞ മദ്യനയം പോലും എൽഡിഎഫ് മാറ്റിത്തിരുത്തിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.
യുഡിഎഫ് പറഞ്ഞ മദ്യനിരോധനം പേരുമാറ്റി എൽഡിഎഫ് വഞ്ചന കാണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് മജീദ് മാടന്പാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉമ്മർ മഞ്ചേരി, സെക്രട്ടറി പി.വി. ഉദയകുമാർ,
സലാം കൊളത്തൂർ, ഫസലുറഹ്മാൻ തിരൂർക്കാട്, സത്താർ ആനമങ്ങാട്, വിന്നർ ഷെരീഫ്, ഫൈസൽ തിരൂർക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. ഏപ്രിൽ 13ന് വിപുലമായ യോഗം ചേരാനും തീരുമാനിച്ചു. ലഘുവായ നോന്പുതുറയോടു കൂടിയാണ് യോഗം സമാപിച്ചത്.