കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി
1536619
Wednesday, March 26, 2025 5:49 AM IST
നിലന്പൂർ: കിണറ്റിൽ വീണയാളെ നിലന്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
ചാലിയാർ പഞ്ചായത്ത് ഇടിവണ്ണ അങ്ങാടിയിലെ തട്ടാംപറന്പിൽ ബേബിയുടെ ഉടമസ്ഥതയിലുള്ള വ്യാപാര കെട്ടിടത്തിന് പിറകിൽ 40 അടി താഴ്ചയുള്ളതും ഭാഗികമായി റിംഗിറക്കിയതും 10 അടി വെള്ളമുള്ളതുമായ കിണറിന്റെ ആൾമറയിൽ തിങ്കളാഴ്ച രാത്രി 11 മണിക്ക് കൂട്ടുകാരുമൊത്ത് സംസാരിച്ചിരിക്കുന്നതിനിടെ അബദ്ധവശാൽ കിണറ്റിലേക്ക് വീണ പുളിക്കക്കുന്നേൽ ഇമ്മാനുവ(47)ലിനെയാണ് നിലന്പൂരിൽ നിന്നുമെത്തിയ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. മനേഷ് സാഹസികമായി കിണറ്റിലിറങ്ങി റോപ്പ്, റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് മറ്റു സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ കരക്കെത്തിക്കുകയായിരുന്നു.
നിസാരമായ പരിക്കേറ്റ ഇദ്ദേഹത്തെ ആംബുലൻസിൽ നിലന്പൂർ ഗവണ്മെന്റ് ജില്ലാ ആശുപത്രിയിലെത്തിച്ചു. സ്റ്റേഷൻ ഓഫീസർ കെ.പി. ബാബുരാജിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സി. ജംഷാദ്, യു. സുനിൽ, ടി.എസ.് അഖിൽ, കെ.എസ്. മോഹനൻ, ഹോം ഗാർഡുമാരായ എം. ജിമ്മി, ഷിബു ജോണ് എന്നിവരും പ്രദേശത്തെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.