ഔഷധ വീര്യമേറുന്ന മുളയരി ശേഖരിക്കാൻ ആദിവാസികൾ നാടുകാണി ചുരത്തിൽ
1536618
Wednesday, March 26, 2025 5:49 AM IST
നിലന്പൂർ: നാടുകാണി ചുരത്തിലെ മുളങ്കൂട്ടങ്ങൾ പൂത്താൽ പിന്നെ ആദിവാസികൾ അവിടെയെത്തും. ഇത്തവണയും അതാവർത്തിച്ചു. മുങ്കളാടുകൾക്കടിയിൽ നിന്ന് അടിച്ചുകൂട്ടി കല്ലും മണ്ണും കളഞ്ഞ് മുളയരി ശേഖരിക്കുകയാണവർ. ഈ അരിക്ക് പൊതുവിപണിയിൽ നല്ല വില ലഭിക്കും. വർഷങ്ങൾ കഴിയുന്പോഴാണ് മുളങ്കൂട്ടങ്ങൾ പൂക്കാറുള്ളത്.
പൂത്ത് കഴിഞ്ഞാൽ പിന്നെ ആ മുളങ്കൂട്ടങ്ങൾ സ്വയം നശിച്ചു പോവുകയും ചെയ്യും. അതിന് മുന്പ് ശേഖരിക്കുന്ന മുളയരിക്ക് ഔഷധഗുണമാണുള്ളത്. ചെറുധാന്യങ്ങളിൽ പെടുന്നതാണ് മുളയരി. പൊതുവെ വലിയ മുള്ളുകളുള്ള മുളങ്കൂട്ടങ്ങളുടെ അടിയിൽ വനത്തിൽ വീണുകിടക്കുന്ന ചെറിയ ഗോതന്പുമണികൾ പോലെയുള്ള അരികൾ അടിച്ചെടുക്കുക ശ്രമകരമാണ്.
വലിയ ക്ഷമയോടെ വേണം ഇത് ചൂലുകൊണ്ട് അടിച്ചെടുക്കാൻ. അതിനിടയിൽ സമീപത്ത് നിന്ന് എവിടെ നിന്നെങ്കിലും ആനകൾ വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. ചപ്പുചവറുകളോടെ അടിച്ചെടുക്കുന്ന ഈ അരികൾ മണ്ണും കല്ലും കാട്ടിലകളും കളഞ്ഞ് മുറത്തിലിട്ട് ചേറി വൃത്തിയാക്കിയെടുക്കണം. അവ ശേഖരിച്ച് വീണ്ടും കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത് സൂക്ഷിച്ചുവയ്ക്കാറാണ് പതിവ്.
പഞ്ഞ മാസങ്ങളിൽ ശേഖരിച്ച മുളയരിയെടുത്ത് നെല്ല് കുത്തുന്നത് പോലെ കുത്തിയെടുത്ത് അരിമണികളാക്കി കഞ്ഞിവച്ചു കുടിക്കും. വലിയ അളവിൽ ഇരുന്പും കാൽസ്യവും അടങ്ങിയ മുളയരി പ്രമേഹ രോഗികൾക്ക് കഞ്ഞിവച്ച് കുടിക്കാനും മികച്ചതാണ്. രക്ത കുറവ് പരിഹരിക്കാൻ ഉത്തമമാണ് പ്രകൃതിദത്തമായ മുളയരി.
മുന്പൊക്കെ ആദിവാസികൾ സ്വന്തം ഉപയോഗത്തിന് വേണ്ടി മാത്രമാണ് ഇത് ശേഖരിച്ചിരുന്നതെങ്കിൽ ഇന്ന് സൗജന്യ അരി കിട്ടുന്നത് മൂലം ആദിവാസികൾ മുളയരി ഉപയോഗിക്കാറില്ല. പകരം പൊതുവിപണിയിൽ വലിയ വിലക്കാണ് വിൽക്കുന്നത്. മില്ലിൽ കൊണ്ടുപോയി അരിയാക്കി വിപണിയിലെത്തിച്ചാൽ ഒരു കിലോഗ്രാമിന് 600 രൂപ ചുരുങ്ങിയത് ഇവർക്ക് ലഭിക്കും. പ്രമേഹരോഗികൾ വ്യാപകമായി ഇപ്പോഴിതുപയോഗിക്കുന്നുണ്ട്.
കഞ്ഞിക്ക് പുറമെ പലഹാരങ്ങളുണ്ടാക്കാനും മുളയരി ഉപയോഗിക്കുന്നു. പ്രദർശനശാലകളിലും റോഡരികുകളിലും മേളകളിലുമെല്ലാം മുളയരി പായസം സാധാരണ കാഴ്ചയാണിന്ന്. നാട്ടിൻപുറത്തുള്ള ചെറിയ സൂപ്പർമാർക്കറ്റുകളിൽ വരെ മുളയരി ലഭ്യമാണ്.