അങ്ങാടിപ്പുറം പൂരാഘോഷം : വ്യാപാര സ്ഥാപനങ്ങൾ ശുചിത്വം പാലിക്കണം: കർശന നിർദേശം നൽകി ആരോഗ്യവകുപ്പ്
1536617
Wednesday, March 26, 2025 5:49 AM IST
അങ്ങാടിപ്പുറം: ഏപ്രിൽ മൂന്നിനാരംഭിക്കുന്ന 11 ദിവസത്തെ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശങ്ങൾ നൽകി ആരോഗ്യവകുപ്പ്. പഞ്ചായത്ത് ലൈസൻസും പുകവലി നിരോധിത മേഖല ബോർഡും കടയിൽ പ്രദർശിപ്പിക്കണം. ഹോട്ടൽ, ബേക്കറി, കൂൾബാർ തുടങ്ങിയവയുടെ പരിസര ശുചിത്വം ഉറപ്പാക്കണം.
കുടിവെള്ള സ്രോതസ് ശുദ്ധീകരിക്കുകയും ഗുണനിലവാര പരിശോധന നടത്തുകയും വേണം. തിളപ്പിച്ചാറിയ കുടിവെള്ളം വൃത്തിയായ അടപ്പുള്ള പാത്രത്തിൽ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. ജലസംഭരണികൾ കഴുകി വൃത്തിയാക്കണം.
പാകം ചെയ്ത ഭക്ഷണ പദാർഥങ്ങൾ അടച്ച് സൂക്ഷിക്കണം. ഭക്ഷ്യഎണ്ണ ആവർത്തിച്ച് ഉപയോഗിക്കാൻ പാടില്ല. ഐഎസ്ഐ മുദ്രയുള്ള അലുമിനിയം പാത്രങ്ങളും ചെന്പുപാത്രങ്ങളാണെങ്കിൽ ഈയം പൂശിയത് മാത്രം ഉപയോഗിക്കുക. പഴകിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാൻ പാടില്ല. സ്റ്റോർ റൂമിൽ എലി തുടങ്ങിയ ക്ഷുദ്ര ജീവികൾ കടക്കാതെ സൂക്ഷിക്കുക. മത്സ്യമാംസ്യങ്ങൾ പഴക്കമില്ലാത്തതു മാത്രം ഉപയോഗിക്കുക.
ഭക്ഷണശാലകളിലെ ജീവനക്കാർ വ്യക്തിശുചിത്വം ഉറപ്പാക്കണം. ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കുകയും കൈവശം സൂക്ഷിക്കുകയും വേണം. സ്ഥാപനത്തിലെ ഖരമാലിന്യങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമല്ലാത്ത വിധത്തിൽ സംസ്കരിക്കുക, വ്യാപാര സ്ഥാപനങ്ങളിൽ വേസ്റ്റ് ബിൻ ഉറപ്പാക്കണം.
ദ്രവമാലിന്യങ്ങൾ പൊതുഓടയിലേക്ക് ഒഴുക്കാൻ പാടില്ല. ശീതികരണിയിൽ നിന്ന് ഉപയോഗശൂന്യമായ പഴങ്ങളും ഭക്ഷ്യവസ്തുക്കളും യഥാസമയം ഒഴിവാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.സഉൗദ, സെക്രട്ടറി സുഹാസ്ലാൽ, മെഡിക്കൽ ഓഫിസർ ഡോ.ബൈജു പാച്ചാട്ട്, ഹെൽത്ത് ഇൻസ്പെക്ടർ സുധീഷ് എന്നിവർ രേഖാമൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് നൽകിയ അറിയിപ്പിൽ നിർദേശിച്ചിട്ടുണ്ട്. നിർദേശങ്ങൾ ലംഘിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.