നിലന്പൂർ തേക്കിൽ യേശുക്രിസ്തുവിന്റെ രൂപം തീർത്ത് മുഹമ്മദാലി
1536601
Wednesday, March 26, 2025 5:26 AM IST
തോമസ് കുട്ടി ചാലിയാർ
നിലന്പൂർ: ഈട്ടി തടിയിലും തേക്ക് തടിയിലും യേശുക്രിസ്തുവിന്റെ ജീവൻ തുടിക്കുന്ന കലാരൂപങ്ങൾ തീർത്ത് മുഹമ്മദാലി എന്ന ബിച്ചാവ. ചാലിയാർ പഞ്ചായത്തിലെ നന്പൂരിപ്പൊട്ടി സ്വദേശിയായ മുഹമ്മദാലി എന്ന ബിച്ചാവയുടെ പേര് കടലും കടന്ന് വിദേശരാജ്യങ്ങളിൽ വരെയെത്തി. നന്പൂരിപ്പൊട്ടിയിലെ ബിച്ചാവയുടെ കരകൗശല നിർമാണശാലയിൽ വിസ്മയിപ്പിക്കുന്ന കലാരൂപങ്ങൾ ഒട്ടേറെ കാണാം.
നിലന്പൂരിലെ ഈട്ടി, തേക്ക് എന്നിവ ഉപയോഗിച്ചാണ് മുഹമ്മദാലി കലാരൂപങ്ങൾ തീർക്കുന്നത്. യേശുക്രിസ്തു കുരിശ് മരണത്തെ ഓർമിപ്പിക്കുന്ന രൂപം അതേപടി തടികളിൽ കൊത്തിയെടുത്തിരിക്കുകയാണ്. അന്ത്യഅത്താഴം, മുൾകിരീടം ധരിച്ച യേശുക്രിസ്തു എന്നിവയെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓർഡർ പ്രകാരം തയാറാക്കി കൊണ്ടിരിക്കുകയാണ്.
കോട്ടയം ജില്ലയിലെ ഒരു പള്ളിയിൽ യേശുവിന്റെ അന്ത്യഅത്താഴ രംഗം ഈട്ടിയിലും നിലന്പൂർ തേക്കിലുമായി നിർമിക്കാൻ ഓർഡർ ലഭിച്ചതായും മുഹമ്മദാലി പറയുന്നു. കഴിഞ്ഞ ദിവസം ഇസ്രായേലിൽ നിന്ന് ഇദ്ദേഹത്തിന് ഒരു വിളിയെത്തി. യേശുദേവനും പടയാളികളും ശിക്ഷ്യൻമാരുമുള്ള 400 വർഷം മുന്പത്തെ ഒരു ചുമർചിത്രം അതിന്റെ തനിമ നിലനിറുത്തി നിർമിച്ചു തരണമെന്നായിരുന്നു ആവശ്യം.
ഇതിനുള്ള തയാറെടുപ്പിലാണ് മുഹമ്മദാലി. യേശുക്രിസ്തുവിന്റെ രൂപങ്ങളുടെ നിർമാണം പുരോഗമിക്കുന്പോൾ തന്നെ ഓടക്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണന്റെയും ഗണപതിയുടെയും ശിൽപങ്ങളും ഇദ്ദേഹത്തിന്റെ പണിപ്പുരയിലുണ്ട്. കഴിഞ്ഞ ദിവസമാണ് യുഎഇയിലെ ഫുട്ബോൾ ടൂർണമെന്റിനുള്ള ട്രോഫി തേക്കിലും ഉൗട്ടിയിലും ഡബിൾ ബൂട്ടിൽ പന്ത് ഉൾപ്പെടെ തീർത്ത് പൂർത്തിയാക്കി അയച്ച് കൊടുത്തത്.
രാജ്യത്തിന്റെ ഉന്നത ബഹുമതികളായ പത്മഭൂഷണും പത്മശ്രീയും നൽകുന്നതിനുള്ള ഏതാനും കവറുകളും തടിയിൽ തീർത്ത് നൽകിയത് മുഹമ്മദാലിയാണ്. മരത്തിൽ തീർത്ത കരകൗശല വസ്തുക്കളായ തോക്ക് മുതൽ പഴയകാല വീട്ടുപകരണങ്ങൾ, ആമാടപ്പെട്ടി മുതൽ എല്ലാം ഈ കലാപ്രതിഭയുടെ വിരലുകളാൽ നിർമിച്ചുകൊണ്ടിരിക്കുന്നു.
25 വർഷം പ്രവാസി ജീവിതം നയിച്ച മുഹമ്മദാലി കരകൗശാല നിർമാണത്തിലേക്ക് തിരിഞ്ഞിട്ട് പത്തുവർഷമായി. നിലന്പൂരിന്റെ തനത് തടികളായ തേക്കും ഈട്ടിയും ഉപയോഗിച്ച് നിർമിക്കുന്ന ഓരോ സൃഷ്ടിയും അതിമനോഹരങ്ങളാണ്. നിലന്പൂരൽ നിന്ന് ലഭിക്കുന്ന തടികൾ കൊണ്ട് നിർമിക്കുന്ന വസ്തുക്കൾക്ക് കൂടുതൽ ഈടു നിൽക്കുന്നതിനൊപ്പം മനോഹാരിതയും കൂടുതലാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ അവിടെത്തെ ഭരണകൂടം മുഹമ്മദാലിയുടെ കരകൗശലവസ്തുവാണ് പ്രധാനമന്ത്രിക്ക് ഉപഹാരമായി നൽകിയത്. എം.ടി.വാസുദേവൻ നായർ, കെ.എസ്.ചിത്ര, എം.മുകുന്ദൻ, ഗാനരചിതാവ് ഷിബു ചക്രവർത്തി ഇവർക്കെല്ലാം അവരുടെ ആവശ്യപ്രകാരം കലാരൂപങ്ങൾ നിർമിച്ച് നൽകാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഈ കലാകാരൻ പറയുന്നു.