വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാർഥിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോയി മർദിച്ചു
1536600
Wednesday, March 26, 2025 5:26 AM IST
ചങ്ങരംകുളം: എടപ്പാളിൽ ലഹരി സംഘം വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാർഥിയെ ബൈക്കിൽ തട്ടികൊണ്ടുപോയി മർദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ പിടിയിലായി. പൊന്നാനി സ്വദേശികളായ മുബഷീർ (19), മുഹമ്മദ് ജസീൽ (18) എന്നിവരെ കൂടാതെ പൊന്നാനി സ്വദേശിയായ 17 വയസുകാരനും അടക്കം മൂന്നു പേരെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. എടപ്പാൾ -പൊന്നാനി റോഡിൽ വച്ച് കുറ്റിപ്പാല സ്വദേശിയായ പതിനെട്ടുകാരനോട് സംഘം സഹപാഠിയായ വിദ്യാർഥിയുടെ ഫോണ് നന്പർ ചോദിച്ചു. നന്പർ കൈയില്ലില്ലെന്ന് പറഞ്ഞതോടെ കൈവശം കരുതിയ വടിവാളെടുത്തു സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഓടിരക്ഷപ്പെട്ട വിദ്യാർഥിയെ ബൈക്കിൽ പിന്തുടർന്നെത്തിയ ഇവർ ബൈക്കിൽ കയറ്റി പൊന്നാനി ഭാഗത്തേക്ക് പോയി. ഇതിനിടെ മറ്റൊരു വാഹനത്തിലെ യാത്രക്കാർ സംഭവത്തിന്റെ ദൃശ്യങ്ങൾ എടുത്ത് പോലീസിന് കൈമാറി.
സ്ഥലത്തെത്തിയ ചങ്ങരംകുളം പോലീസ് അക്രമിസംഘത്തെ പിന്തുടർന്നു. പോലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ ഇവർ യുവാവിനെ പൊന്നാനി ഐശ്വര്യ തിയറ്ററിനടുത്ത് ഇറക്കിവിട്ട് രക്ഷപ്പെട്ടു. ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ ലഹരി സംഘങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ മൂന്ന് പേരെയും പോലീസ് പിടികൂടിയത്.
കൗമാരക്കാരായ സംഘം ലഹരി ഉപഭോക്താക്കളും ഇടപാടുകാരും ആണെന്നാണ് പോലീസ് നൽകുന്ന വിവരം. ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മുഹമ്മദ് ജസീൽ നേരത്തെ പൊന്നാനിയിൽ പോലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണ്.