അൻവർ ഫാക്ടറല്ല; പ്രസ്ഥാനമാണ് പ്രധാനം: വി.പി. അനിൽ
1536599
Wednesday, March 26, 2025 5:26 AM IST
മലപ്പുറം: നിലന്പൂരിൽ പി.വി. അൻവർ ഒരു ഫാക്ടറേയല്ലെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ. വലിയ കോലാഹങ്ങൾ സൃഷ്ടിക്കുകയും എട്ട് വർഷം എംഎൽഎയുമായിട്ടും ഒരുപാർട്ടി പ്രവർത്തകൻ പോലും അൻവറിന്റെ കൂടെ പോയില്ല. വ്യക്തികൾക്കല്ല, പ്രസ്ഥാനത്തിന് പിന്നിലാണ് സഖാക്കൾ അണിനിരക്കുന്നതെന്നും മലപ്പുറം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖത്തിൽ വി.പി. അനിൽ പറഞ്ഞു.
നിലന്പൂരിൽ പ്രബലമായ വോട്ട് ഇടതുപക്ഷത്തിനുണ്ട്. എന്നാൽ, ഒറ്റയ്ക്ക് ജയിക്കാനുള്ള അംഗബലമില്ല. ഞങ്ങളുടെ ഒരുവലിയ ഘടകം അവിടെയുണ്ട്. അതിനെ അടിസ്ഥാനപരമായി നിലനിർത്തി എങ്ങനെ വിജയിക്കാമെന്ന പരീക്ഷണമാണ് സ്വീകരിക്കുക. യോജിക്കാൻ കഴിയുന്ന സഹയാത്രികരെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പ് വിജയമുറപ്പാക്കും. നിലന്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയോ അല്ലയോ എന്നതൊക്കെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും തീരുമാനിക്കുക.
സ്വതന്ത്ര സ്ഥാനാർഥികളിൽ പാർട്ടി വിട്ടത് പി.വി. അൻവർ മാത്രമല്ലല്ലോ. ഏതെങ്കിലും ഒരാൾ അത്തരത്തിലുള്ള സമീപനം സ്വീകരിച്ചത് കൊണ്ട് മാത്രം സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണം തെറ്റാണെന്ന് പറയാൻ കഴിയില്ല. അൻവറിന്റെ കാര്യത്തിൽ വലതുപക്ഷം സ്വീകരിച്ച നിലപാടുകൾ കൂടി കാണാതിരിക്കരുത്. യുഡിഎഫിന്റെ കളിപ്പാവയെ പോലെയായിരുന്നു അൻവർ. ഇതു കൊണ്ടൊന്നും ഇടതുപക്ഷം നിലപാടുകൾ മാറ്റി മുന്നോട്ടുപോകില്ല- അദ്ദേഹം പറഞ്ഞു.