"ലഹരിക്കെതിരേ എന്റെ ഗോൾ’
1536395
Tuesday, March 25, 2025 8:23 AM IST
മലപ്പുറം: യുവതലമുറയെ ലഹരിയെന്ന വിപത്തിൽ നിന്ന് അകറ്റി നിർത്താനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കാനും "ലഹരിക്കെതിരേ എന്റെ ഗോൾ’ പരിപാടിയുമായി ജില്ലാ ഭരണകൂടവും സ്പോർട്സ് കൗണ്‍സിലും. ലഹരിക്കെതിരേ ഓരോ വിദ്യാർഥിയും ഒരു കായികതാരമാവുക എന്ന ആശയം മുന്നോട്ടുവച്ചാണ് ലഹരിക്കെതിരേ എന്റെ ഗോൾ പരിപാടി നടത്തുന്നത്. ജില്ലയിലെ എല്ലാ സ്കൂളുകളെയും തദ്ദേശ സ്ഥാപനങ്ങളെയും യുവജന സംഘടനകളെയും മറ്റു സന്നദ്ധ സംഘടനകളെയും ഉൾപ്പെടുത്തിയാണ് പരിപാടി നടത്തുന്നത്.
ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ യോഗം ചേർന്നു. യോഗത്തിൽ ബന്ധപ്പെട്ട വകുപ്പ് മേധാവികൾ, സ്പോർടസ് അസോസിയേഷനുകൾ, സ്പോർട്സ് കൗണ്‍സിൽ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. "ലഹരിക്കെതിരേ എന്റെ ഗോൾ’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 28ന് മലപ്പുറം എംഎസ്പി സ്കൂളിൽ നടക്കും. മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും.