മലപ്പുറം ആർഡിഡി പി.എം. അനിൽ സേവനം പൂർത്തിയാക്കുന്നു
1536393
Tuesday, March 25, 2025 8:23 AM IST
മലപ്പുറം: മലപ്പുറം, പാലക്കാട് ജില്ലകളുടെ ചുമതലയുള്ള ഹയർ സെക്കൻഡറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി.എം. അനിൽ മാർച്ച് 31ന് വിരമിക്കുന്നു. കഴിഞ്ഞ രണ്ടര വർഷമായി അദ്ദേഹം മലപ്പുറം ആർഡിഡി ആണ്. അതിനു മുന്‍പ് കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള കോഴിക്കോട് ആർഡിഡിയായി ഒരു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
20-ാം വയസിൽ സർക്കാർ വിദ്യാലയത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. സർവീസിലിരിക്കേ എംകോം, എംഎഫിൽ, എഎഡ്, പിഎച്ച്ഡി ഡിഗ്രികൾക്കു പുറമെ പല ഡിപ്ലോമ കോഴ്സുകളും പിജി സർട്ടിഫിക്കറ്റ് കോഴ്സുകളും പൂർത്തിയാക്കി. കഴിഞ്ഞ 36 വർഷമായി അധ്യാപന മേഖലയിൽ പ്രവർത്തിക്കുന്നു.
12 വർഷം ഹയർ സെക്കൻഡറി അധ്യാപകനായും 14 വർഷം പ്രിൻസിപ്പലായും നാലുവർഷം ആർഡിഡിയായും പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ, ഇന്റർനാഷണൽ ജേർണലുകളിൽ മാനേജ്മെന്റുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ പല പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പ്രിൻസിപ്പലായി പ്രവർത്തിച്ച എല്ലാ ഗവണ്മെന്റ് വിദ്യാലയങ്ങളിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾകൊണ്ട് പൊതുസമൂഹത്തിൽ ആ വിദ്യാലയത്തിന് മികച്ച സ്ഥാനം നേടിക്കൊടുക്കുകയും നൂറ് ശതമാനവും അതിനടുത്തും പ്ലസ്ടു റിസൾട്ട് കൈവരിക്കാനും കഴിഞ്ഞു.മലപ്പുറം ആർഡിഡി ഓഫീസിന് ജനകീയ മുഖം നൽകുന്നതിലും കാര്യക്ഷമത വർധിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.
കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനും ഏറ്റവും കൂടുതൽ അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിനും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചു. ഹയർ സക്കൻഡറി ടെക്സ്റ്റ് ബുക്ക് നിർമാണ വർക്ക്ഷോപ്പുകളിൽ നിരവധിതവണ പങ്കാളിയായി. അധ്യാപക പരിശീലനങ്ങളിൽ കോർ എസ്ആർജി, എസ്ആർജി, ഡിആർജി എന്നീ തലങ്ങളിൽ നിരവധി തവണ പ്രവർത്തിച്ചു.
മലപ്പുറം ആർഡിഡി ആയിരുന്നപ്പോൾ അക്കാഡമി കാര്യങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താനും ഇദ്ദേഹത്തിന് സാധിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളുടെ പ്ലസ് ടു റിസൾട്ട് വർധിപ്പിക്കാൻ കഴിഞ്ഞതും നേട്ടമായി. മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിഘട്ടത്തിൽ കാര്യമായ ഇടപെടലുകൾ നടത്തി. വിദ്യാഭ്യാസ മന്ത്രി നിയമിച്ച രണ്ടംഗ സമിതിയിൽ അംഗമായിരുന്നു. 7200 പ്ലസ് വണ്‍ സീറ്റുകൾ 120 ബാച്ചുകളിലായി ജില്ലയ്ക്ക് നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിക്കാനും കഴിഞ്ഞു. മലപ്പുറം മുണ്ടുപറന്പ് സ്വദേശിയാണ് ഡോ.പി.എം. അനിൽ.