"കരുതലും കൈത്താങ്ങും’ : ജില്ലയിലെ അദാലത്തുകള്‍ പൂര്‍ത്തിയായി
1495288
Wednesday, January 15, 2025 5:38 AM IST
മലപ്പുറം: ഉദ്യോഗസ്ഥതലത്തില്‍ തീര്‍പ്പാകാതെ കിടന്നിരുന്ന പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ "കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തുകളുടെ രണ്ടാംഘട്ടം മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി.
2023 ല്‍ നടത്തിയ അദാലത്തുകളുടെ തുടര്‍ച്ചയായി ജില്ലയിലെ ഏഴ് താലൂക്കുകളിലും നടത്തിയ അദാലത്തുകള്‍ക്ക് ജില്ലയുടെ ചുമതലയുള്ള കായിക മന്ത്രി വി.അബ്ദുറഹിമാന്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവര്‍ നേതൃത്വം നല്കി. ഡിസംബര്‍ 20 ന് നിലമ്പൂരില്‍ തുടങ്ങിയ അദാലത്ത് ഇന്നലെ തിരൂരങ്ങാടി അദാലത്തോടെയാണ് സമാപിച്ചത്.
തിരൂരങ്ങാടി അദാലത്തില്‍ 179 പരാതികള്‍ക്കാണ് പരിഹാരമായത്. ജില്ലയില്‍ നടത്തിയ അദാലത്തില്‍ പരിഗണിക്കുന്നതിനായി മുന്‍കൂറായി ഓണ്‍ലൈന്‍ വഴിയും താലൂക്ക് ഓഫീസുകള്‍ വഴിയും പരാതികള്‍ സ്വീകരിച്ചിരുന്നു. ഇങ്ങനെ ഏഴ് താലൂക്കുകളിലായി മുന്‍കൂര്‍ ലഭിച്ച 4232 പരാതികളില്‍ 1382 പരാതികള്‍ തീര്‍പ്പാക്കി.
346 പരാതികള്‍ പരിഗണനാ വിഷയം അല്ലാത്തതിനാല്‍ തള്ളി. അദാലത്ത് വേദികളില്‍ 2515 പുതിയ പരാതികള്‍ ലഭിച്ചു. ഇവ ഉള്‍പ്പെടെ ആകെ 6747 പരാതികളാണ് പരിഗണയ്ക്ക് വന്നത്. ഇവയില്‍ അവശേഷിക്കുന്ന 5019 പരാതികള്‍ രണ്ടാഴ്ചക്കകം തീര്‍പ്പാക്കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കാന്‍ മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഏഴ് അദാലത്തുകളിലായി 442 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ഇതില്‍ 410 മുന്‍ഗണന കാര്‍ഡുകളും 32 അന്ത്യോദയ കാര്‍ഡുകളുമാണ്.
അദാലത്തില്‍ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാദി, തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, അസിസ്റ്റന്റ് കളക്ടര്‍ വി.എം. ആര്യ, എഡിഎം എന്‍.എം. മെഹറലി, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, താലൂക്ക്, ഫീല്‍ഡ് ലെവല്‍ ഓഫീസര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.