പാട്ടുത്സവത്തിനിടെ ആവേശം മൂത്ത് സംഘര്‍ഷം
1495294
Wednesday, January 15, 2025 5:38 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ പാട്ടുത്സവ സ്റ്റേജ് ഷോക്കിടെ ആവേശ തിമര്‍പ്പില്‍ കാണികള്‍ തമ്മില്‍ സംഘര്‍ഷം. കസേരകള്‍ ഉള്‍പ്പെടെ അടിച്ചു തകര്‍ത്തു. ഇവന്റ് മാനേജ്മെന്റ് കമ്മിറ്റിയാണ് സ്റ്റേജ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. നിലമ്പൂര്‍ പാട്ടുത്സവ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന സ്റ്റേജ് ഷോയുടെ ഭാഗമായി തിങ്കളാഴ്ച രാത്രി നടത്തിയ പരിപാടി ആഘോഷ തിമര്പ്പിലായതോടെ ആയിരത്തിലേറെ കസേരകളാണ് തകര്‍ത്തത്.
സംഘാടകര്‍ ഇടപെട്ടെങ്കിലും നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് കാണികള്‍ ഇരുന്നിരുന്ന കസേരകള്‍ അടിച്ച് തകര്‍ത്തത്. വിവിധ ബാന്‍ഡുകളുടെ പരിപാടിക്കിടയിടയിലാണ് കാണികളുടെ ആവേശം അതിരുവിട്ടത്.
നിലമ്പൂര്‍ കോടതിപ്പടി റോഡിന് സമീപമുള്ള പരിമിതമായ സ്ഥലത്താണ് പാട്ടുത്സവത്തിന്റെ ഭാഗമായുള്ള സ്റ്റേജ് പരിപാടികള്‍ നടക്കുന്നത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കാണികളായി എത്തുന്ന സ്റ്റേജ് പരിപാടികള്‍ക്കിടയില്‍ ഉണ്ടായ കൂട്ടയടി ആശങ്ക ഉയര്‍ത്തുന്നതാണ്.