ഓര്മച്ചെപ്പൊരുക്കി മമ്പാട് കോളജിലെ മുന്‍ അധ്യാപകര്‍
1495136
Tuesday, January 14, 2025 6:02 AM IST
മമ്പാട്: മമ്പാട് എംഇഎസ് കോളജില്‍ നിന്ന് വിരമിച്ച അധ്യാപകര്‍ മാതൃകലാലയത്തില്‍ ഒരുമിച്ച് ചേര്‍ന്ന് അനുഭവങ്ങളും സ്മരണകളും പുതുക്കി. കഴിഞ്ഞ വര്‍ഷം വിരമിച്ച അധ്യാപിക മുതല്‍ കാല് നൂറ്റാണ്ടു മുമ്പ് വിരമിച്ച അധ്യാപകര്‍ വരെ ഉള്‍ക്കൊള്ളുന്ന മമ്പാട് കോളജ് റിട്ട. അധ്യാപക കൂട്ടായ്മയാണ് "ഓര്‍മച്ചെപ്പ്’ എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചത്.
കോളജിന്റെ പുരോഗതിയില്‍ പങ്കാളികളാവുകയും ഭരണ, അക്കാഡമിക രംഗങ്ങളില്‍ നേതൃത്വം നല്‍കിയവരുമായ അധ്യാപകര്‍ക്ക് സേവനകാലം ചെലവഴിച്ച കലാലയം തന്നെ സമാഗമ വേദിയൊരുക്കിയത് ഓര്‍മകളുടെ വാതില്‍ തുറക്കുന്ന നവ്യാനുഭവമായി മാറി.
ജില്ലയില്‍ നാകിന്റെ അക്രഡിറ്റേഷന് ആദ്യമായി നേടിയത് മമ്പാട് കോളജാണ്. ജില്ലയിലെ ആദ്യത്തെ ഓട്ടോണമസ് കോളജും ഇതുതന്നെ. കെഐആര്എഫിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ റാങ്കിംഗില്‍ സംസ്ഥാനത്തെ 17-ാം സ്ഥാനവും മലബാറില്‍ രണ്ടാം സ്ഥാനവും മമ്പാട് എംഇഎസ് കോളജിനാണ്. എഴുപതോളം പൂര്‍വ അധ്യാപകര്‍ പങ്കെടുത്തു.
എംഇഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഇ.പി. മോയിന്‍ കുട്ടി, കോളജ് മാനേജിംഗ് സെക്രട്ടറി പ്രഫ. ഒ.പി. അബ്ദുറഹിമാന്, പ്രഫ. വി. കുട്ടൂസ, പ്രഫ. കെ. മുഹമ്മദ്, പ്രഫ. ഇ.കെ. അഹമ്മദ്, പ്രഫ. സലാഹുദ്ദീന്, പ്രഫ. സേതുമാധവന് എന്നിവര്‍ പ്രസംഗിച്ചു.