സഹകരണ മേഖലയിലെ അഴിമതിയില്‍ സമഗ്ര അന്വേഷണം വേണം: എഎച്ച്ആര്പിഎഫ്
1495292
Wednesday, January 15, 2025 5:38 AM IST
മലപ്പുറം: കേരളത്തിലെ സാമ്പത്തിക മേഖലയുടെ ആണിക്കല്ലായ സഹകരണ മേഖലയില്‍ സര്‍വത്ര അഴിമതിയും കോഴയും നിക്ഷേപതട്ടിപ്പും മുക്കുപണ്ടം പണയതട്ടിപ്പും മൂലം സാധാരണക്കാരന് വിശ്വാസ്യത നഷ്ടപ്പെട്ടതായി ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം ജില്ലാ കമ്മിറ്റി (എഎച്ച്ആര്പിഎഫ്) യോഗം കുറ്റപ്പെടുത്തി.
തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ ബാങ്കിലും കട്ടപ്പന റൂറല്‍ ബാങ്കില്‍ നിക്ഷേപിച്ച പണം കിട്ടാത്തതിനാല്‍ നിക്ഷേപകന് ആത്മഹത്യ ചെയ്ത സംഭവവും ഇതിന് ഉദാഹരണമാണ്. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ കോഴ വിവാദത്തെ തുടര്‍ന്ന് അച്ഛനും മകനും ആത്മഹത്യ ചെയ്യേണ്ടി വന്നത് സഹകരണ തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.
ഇത്തരം സഹകരണ തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ.ടി.അജയ്കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മഠത്തില്‍ രവി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായി മഠത്തില്‍ രവി (പ്രസിഡന്റ്), സുഭാഷ് പടിഞ്ഞാറ്റുംമുറി (ജനറല്‍ സെക്രട്ടറി), നാസര്‍ പറമ്പാടന്‍, സജു കൊളത്തൂര്‍ (വൈസ്പ്രസിഡന്റുമാർ), ഷാഹിദ് വളാഞ്ചേരി, ഹനീഫ് എടരിക്കോട് (ജോയിന്റ് സെക്രട്ടറിമാർ), രാജീവ് മഞ്ചേരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.