വാഹന സുരക്ഷയുമായി വിഷ്ണുവും മുഹമ്മദ് ആത്തിഫും
1494647
Sunday, January 12, 2025 7:38 AM IST
കുറ്റിപ്പുറം: വാഹനത്തിന്റെയുള്ളില്‍ വാതകം ശ്വസിച്ചും ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെയും മരണം സംഭവിക്കുന്നത് ഒഴിവാക്കാന്‍ പുത്തന്‍ കണ്ടുപിടിത്തങ്ങളുമായി കുറ്റിപ്പുറം ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളിലെ പി. വിഷ്ണുറാമും മുഹമ്മദ് ആത്തിഫും.
കാറിനുള്ളില്‍ മൂന്ന് സര്‍ക്യൂട്ടുകളിലായി പ്രവര്‍ത്തിക്കുന്ന സെന്‍സറിലൂടെ കാറിനുള്ളിലെ വാതകചോര്‍ച്ചയും തീപിടിത്തവും മറ്റും നിയന്ത്രിക്കുകയും വാഹനത്തിനുള്ളിലുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ അവസരം സൃഷ്ടിച്ചുകൊണ്ടുള്ള കണ്ടുപിടിത്തം നടത്തിയാണ് ടെക്നിക്കല്‍ സ്കൂള്‍ ഫെസ്റ്റിവലില്‍ വര്‍ക്കിംഗ് മോഡലില്‍ ഈ മിടുക്കൻമാർ ഒന്നാം സ്ഥാനം നേടിയത്. മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തിയാണ് സേഫ്റ്റി ഫീച്ചേഴ്സ് ഫോര്‍ വെഹിക്കിള്‍ എന്ന യന്ത്രത്തിന്റെ പ്രവര്‍ത്തനം.
വാഹനത്തിന് എന്ത് സംഭവിച്ചാലും ആരുടെ മൊബൈലുമായിട്ടാണ് ബന്ധപ്പെടുത്തിയത് ആ മൊബൈലിലേക്ക് സന്ദേശമെത്തും. ഡ്രൈവര്‍സീറ്റില്‍ നിന്ന് അബദ്ധത്തില്‍ പുറത്തേയ്ക്ക് വീണുപോയാലും വാഹനം മുന്നോട്ട് പോവുകയില്ല. ഇത്തരത്തിലുള്ള സംവിധാനമാണ് സേഫ്റ്റി വെഹിക്കിള്‍ എന്ന പേരിലുള്ള യന്ത്രത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.