ചോറുണ്ടാക്കാന്‍ അരിയില്ലാ സാറെ... ഭക്ഷ്യസുരക്ഷാ കമ്മീഷന് മുണ്ടേരി ഉള്‍വനത്തിലെ ഊരുകള്‍ സന്ദര്‍ശിച്ചു
1495287
Wednesday, January 15, 2025 5:38 AM IST
പോത്തുകല്‍: പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ കമ്മീഷന് മുണ്ടേരി ഉള്‍വനത്തിലെ ഊരുകളില്‍ സന്ദര്‍ശനം നടത്തി. ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ ഊരുകളിലാണ് കമ്മീഷന് സന്ദര്‍ശനം നടത്തിയത്.
ഭക്ഷ്യ സുരക്ഷാ കമ്മീഷന് ചെയര്മാന് ജിനു സ്കറിയ ഉമ്മന്‍, അംഗം വി. രമേശന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഊരുകളില്‍ റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് അടിയന്തരമായി റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കുമ്പളപ്പാറയില്‍ മാത്രം എട്ട് കുടുംബങ്ങള്‍ക്കാണ് റേഷന്‍ കാര്‍ഡില്ലാത്തത്.
ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയില്ലാത്തതിനാല് ആദിവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇതിന് പരിഹാരം കണ്ടെത്താന്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഫെബ്രുവരി ഒന്നിന് മുണ്ടേരി ജിടിഎച്ച്എസ്എസില്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ കുമ്പളപ്പാറയടക്കമുള്ള ഉള്‍വനത്തിലെ ഊരുകളില്‍ നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് മുണ്ടേരിയിലെ പൊതുവിതരണ കേന്ദ്രത്തിലെത്തി വേണം ആദിവാസികള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍.
ഇതിന് പരിഹാരമായി മൊബൈല്‍ റേഷനിംഗ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികളും സ്വീകരിക്കുമെന്ന് കമ്മീഷന് അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ ബാലകൃഷ്ണന്, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ഇസ്മായില്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
അരിയില്ല; ഉച്ചഭക്ഷണം കഴിച്ചില്ല
എടക്കര: ചോറുണ്ടാക്കാന്‍ അരിയില്ലെന്ന് ആദിവാസികള്‍. മുണ്ടേരി ഉള്‍വനത്തിലെ കുമ്പളപ്പാറ ഊരിലെ ആദിവാസി സ്ത്രീയാണ് ഭക്ഷ്യസുരക്ഷാ കമ്മീഷന് മുമ്പാകെ ചോറുണ്ടാക്കാന്‍ അരിയില്ലെന്നും അതിനാല്‍ ഉച്ചഭക്ഷണം കഴിച്ചില്ലെന്നും പരാതിപ്പെട്ടത്. എട്ട് കുടുംബങ്ങള്‍ക്കാണ് കുമ്പളപ്പാറ ഊരില്‍ റേഷന്‍ കാര്‍ഡില്ലാത്തത്.
വിവാഹം കഴിഞ്ഞാലുടന്‍ ആദിവാസികള്‍ കുടുംബത്തില്‍ നിന്ന് മാറി പുതിയ ഷെഡുണ്ടാക്കി അതിലേക്ക് താമസം മാറും. ഇവര്‍ പുതിയ കുടുംബമായി മാറും. ഇവര്‍ക്ക് മാതാപിതാക്കളുടെ റേഷന്‍ കാര്‍ഡില്‍ നിന്നുള്ള ഒരു വിഹിതം മാത്രമാണ് ലഭിക്കുക. മൂന്നും നാലും മക്കളുള്ള ഒരു കുടുംബത്തിന് പ്രതിമാസം കിട്ടുന്ന മുപ്പത് കിലോ അരികൊണ്ട് വീതം വയ്ക്കേണ്ട അവസ്ഥ വരെയുണ്ട്.
പിന്നീട് കുട്ടികളുണ്ടായി കഴിയുമ്പോള്‍ ഈ അരി വിഹിതംകൊണ്ട് മാത്രം ഇവര്‍ക്ക് ജീവിക്കാനാകില്ല. പൊതുമാര്‍ക്കറ്റില്‍ നിന്ന് വലിയ വില കൊടുത്ത് അരി വാങ്ങേണ്ട അവസ്ഥയാകും. ആധാര്‍ കാര്‍ഡ് അടക്കമുള്ള മിക്ക രേഖകളും ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡ് ഇവര്‍ക്ക് പെട്ടെന്ന് തരപ്പെടുകയുമില്ല.
കഴിഞ്ഞ വര്‍ഷവും ഭക്ഷ്യസുരക്ഷാ കമ്മീഷന് മുണ്ടേരിയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി പോകുന്നതല്ലാതെ ആദിവാസികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഉദ്യേഗസ്ഥരും തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.