ഹാര്ഡ്വെയര് തീവയ്പ് കേസ്: ഒരാള്‍ അറസ്റ്റില്‍
1495135
Tuesday, January 14, 2025 6:02 AM IST
മൂത്തേടം: കുറ്റിക്കാട് പുതിയത്ത് ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള സന ഹാര്‍ഡ്വെയറിലെ സാധന സാമഗ്രികള്‍ തീവച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. കുറ്റിക്കാട് താഴെപരപ്പില് റിയാസ്(40) ആണ് അറസ്റ്റിലായത്. റോഡരികില്‍ പൊതുസ്ഥലത്ത് പൈപ്പുകള്‍ സൂക്ഷിക്കാന്‍ സ്ഥാപിച്ച ഷെഡ് മാറ്റാന്‍ സ്ഥാപന ഉടമ വിസമ്മതിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് പൈപ്പുകള്‍ കത്തിക്കുവാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച അര്‍ധരാത്രി 12 മണിക്കാണ് ഓട്ടോയിലെത്തിയ സംഘം ഇയാളുടെ റെന്റ് ഷോപ്പിലെ പൈപ്പുകള്‍ പെട്രോളൊഴിച്ച് കത്തിച്ചത്. പൈപ്പുകള്‍ സൂക്ഷിച്ച ഇരുമ്പ് കൂട് മറിച്ചിട്ടാണ് തീകൊളുത്തിയത്.
കടയുടെ മുന്നില്‍ ഓട്ടോ നിര്‍ത്തുന്നതും അതില്‍നിന്ന് ആളുകള്‍ പൈപ്പുകള്‍ ചവിട്ടി മറിക്കുന്നതും പെട്രോളൊഴിച്ച് കത്തിക്കുന്നതുമെല്ലാം സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ഇതുവഴി കടന്നുപോയ ചുള്ളിയോട് സ്വദേശികളാണ് തീയണച്ചത്.