കലയും സംസ്കാരവും മനുഷ്യബന്ധങ്ങളെ കോര്‍ത്തിണക്കുന്നു: അബ്ദുസമദ് സമദാനി എംപി
1494644
Sunday, January 12, 2025 7:37 AM IST
ആനമങ്ങാട്: ആനമങ്ങാട് കഥകളി ക്ലബിന്റെ 40-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ക്ലബ് അംഗങ്ങള്‍ തിരി തെളിയിച്ചതോടെയാണ് വാര്‍ഷികാഘോഷത്തിന് തുടക്കമായത്. എം.പി. അബ്ദുസമദ് സമദാനി എംപി ആഘോഷം ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും സംസ്കാരവും രാഷ്ട്രീയവുമെല്ലാം മനുഷ്യബന്ധങ്ങളെ പരിപോഷിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എം.ടി. വാസുദേവന്‍ നായരെയും പി. ജയചന്ദ്രനെയും സമദാനി അനുസ്മരിച്ചു.
നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിച്ചു. വി.ശശികുമാര്‍ മുഖ്യാതിഥിയായിരുന്നു. കഥകളി ക്ലബിന്റെ യുവ പ്രതിഭാ പുരസ്കാരം കഥകളി കലാകാരന് കലാക്ഷേത്രം രന്ജിഷ് രാജന് കഥകളി സംഗീതജ്ഞന് പാലനാട് ദിവാകരന് സമര്‍പ്പിച്ചു. ഡോ.എന്‍.പി. വിജയകൃഷ്ണന് പ്രശസ്തി പത്രം നല്കി. ഉപജില്ലാ കലോത്സവത്തില്‍ മികവുകാട്ടിയ ആനമങ്ങാട് എഎല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ഷഹിന്‍ഷ ഷംമില്, സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ മൂന്ന് തവണ തുടര്‍ച്ചയായി പങ്കെടുത്ത സന ശബ്നം എന്നിവരെ അനുമോദിച്ചു.
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സല്, കലാ മണ്ഡലം ഡീനും കലാനിരൂപകനുമായ കെ.ബി.രാജ് ആനന്ദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കഥകളി സ്ഥാപക അംഗങ്ങളെ ചടങ്ങില്‍ അനുസ്മരിച്ചു. നാടന്‍ കലാകാരന് പി.ഉണ്ണികണ്ട വൈദ്യര്, ഇലത്താളം കലാകാരന് കുട്ടന്നായര് കരിമ്പുഴ, ചെണ്ട കലാകാരന് പി.രാമന്‍കുട്ടി ആനമങ്ങാട് എന്നിവരെയും ആദരിച്ചു. പ്രമുഖര്‍ പങ്കെടുത്തു. തുടര്‍ന്ന് "തോരണ യുദ്ധം’കഥകളി അരങ്ങേറി. മൂന്നു ദിവസത്തെ പരിപാടികള്‍ക്ക് നാളെ ആദിത്യനാരായണന്‍ ശങ്കറിന്റെ സംഗീത കച്ചേരിയോടെ സമാപനമാകും.