കാര്‍ഷിക ഓര്‍മകള്‍ പങ്കിട്ട് കോഡൂര്‍ "കലാലെ’
1494853
Monday, January 13, 2025 5:32 AM IST
മലപ്പുറം: കോഡൂര്‍ കലാലെയോടനുബന്ധിച്ച് വെസ്റ്റ് കോഡൂര്‍ എന്‍കെ പടിയില്‍ കാരണവ കൂട്ടവും കര്‍ഷക കൂട്ടവും സംഘടിപ്പിച്ചു. കുമ്പളങ്ങ കൃഷി ചെയ്ത് ആഗ്ര പേഡക്കായി ഡബിള്‍ ഡക്കര്‍ ലോറികളില്‍ കയറ്റി അയച്ചതും നീളന്‍ ജൂബയിട്ട് എത്തിയ ഉത്തരേന്ത്യന്‍ കച്ചവടക്കാരോട് വില പേശാന്‍ ഉറുദു പഠിച്ചതുമെല്ലാം പഴയ കൃഷിക്കാര്‍ ഓര്‍ത്തെടുത്ത ദിനമായിരുന്നു ഇന്നലെ.
വെറ്റില കൃഷി ചെയ്ത് പാക്കിസ്ഥാനിലേക്ക് കയറ്റി അയച്ചതും ഗള്‍ഫിന്റെ സ്വാധീനവും കാര്‍ഷിക രംഗത്തെ കീടബാധയും കൃഷി ഇല്ലാതാക്കിയതും നൊമ്പരത്തോടെ അവര്‍ അയവിറക്കി.
ലോഞ്ചില്‍ കയറി കടല്‍ നീന്തി ഗള്‍ഫിലെത്തി ജീവിതം കരുപിടിപ്പിച്ചവര് കോഡൂരിന്റെ പഴയ കാര്‍ഷിക പാരമ്പര്യം തിരിച്ചു പിടിക്കുമെന്ന് പ്രതിജ്ഞ എടുത്താണ് പിരിഞ്ഞത്. കോഡൂര്‍ കപ്പയും കല്ലായി തടിയും ഫറോക്ക് ഓടുമെല്ലാം കടലുണ്ടി പുഴയിലൂടെ കടത്തിയത് ഒറും കടവില്‍ ഒത്തുചേര്‍ന്നവര്‍ ഇന്നലെയെന്നാണം അനുസ്മരിച്ചു.
സമീര്‍ കല്ലായി മോഡറേറ്ററായിരുന്നു. കോഡൂര്‍ ജനകീയ സാംസ്കാരിക സമിതി പ്രസിഡന്റ് ബാബു മഠത്തില്‍, സെക്രട്ടറി സുധീന്ദ്രന്‍, കലാലെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സി. ഇല്ല്യാസ്, ഖജാഞ്ചി മനോജ്, മുസ്ല്യാര്‍ റസാഖ്, എന്‍.കെ. മുജീബ് റഹ്മാന്, ഡോ. കെ.എം. കുഞ്ഞഹമ്മദ് കുട്ടി, മാട്ടുത്തൊടി അലവി, പി.കെ.എസ്. മുജീബ് ഹസന്, ആമിര്‍ കോഡൂര്‍, എം.കെ. സലാം, പി.കെ. ഷരീഫ, അമീറ വരിക്കോടന്‍, സി.പി. നാസര്‍, എന്‍.കെ. കഹാര്‍, അഡ്വ. ഹാരിസ് പഞ്ചിളി, പി.എ. സുബൈര്‍ പങ്കെടുത്തു.
കലാലെ എന്‍കെ പടി എഡിഷന് പുകസ ജില്ലാ വൈസ് പ്രസിഡന്റ് എ. ശ്രീധരന് ഉദ്ഘാടനം ചെയ്തു. കവി സി.പി. ബൈജു മുഖ്യാതിഥിയായിരുന്നു. കലാമേള ഗായിക അനീന മെഹഫില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും സുനില്‍ കുമാര്‍ നയിച്ച ഗാനമേളയും അരങ്ങേറി.