"സഹകരണ സ്ഥാപനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട കാലം'
1494649
Sunday, January 12, 2025 7:38 AM IST
നിറമരുതൂര്‍: ലോകത്തിലെ മൂന്നിലൊരു ഭാഗം ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാന്‍ കഴിഞ്ഞ സഹകരണ സ്ഥാപനങ്ങള്‍ ഈ കാലഘട്ടത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്. നിറമരുതൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ സഹകരണ സംഘം ജീവനക്കാരുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമപ്രദേശങ്ങളിലെല്ലാം സ്വകാര്യബാങ്കുകള്‍ പിടിമുറുക്കി കഴിഞ്ഞു. സഹകരണ മേഖലയിലുള്ളവരുടെ കഠിനാധ്വാനത്തിന്റെ ഫലമായി ഉണ്ടായ സഹകരണ പ്രസ്ഥാനങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ് ടു എന്നിവയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയവര്‍, ബിരുദ, ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍, സംസ്ഥാന കായിക-കലമേളകളില്‍ ജില്ലയില്‍ നിന്ന് മികച്ച നേട്ടം കൈവരിച്ചവര്‍ എന്നിവര്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണമാണ് മന്ത്രി നിര്‍വഹിച്ചത്. കോഓപറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്മാന് അഡ്വ. ആര്.സനല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മായില്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സുരേന്ദ്രന് ചെമ്പ്ര, സഹകരണസംഘം തിരൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.പി. പ്രഭാഷ്, കേരള കോഓപറേറ്റീവ് എംപ്ലോയീസ് യൂണിയന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. പ്രസാദ്, കോഓപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്, കോഓപറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ പി.പി. രാജേന്ദ്രകുമാര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ എം. സഹീര്‍, സൂപ്രണ്ട് എം. ജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.