കിഴക്കേത്തല സ്കൂള്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു
1495138
Tuesday, January 14, 2025 6:02 AM IST
മഞ്ചേരി: നാല് പതിറ്റാണ്ടുകാലം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച കിഴക്കേത്തല ഈസ്റ്റ് ജിഎംഎല്‍പി സ്കൂളിനായി നഗരസഭ നിര്‍മിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ചു. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. അഡ്വ.യു.എ. ലത്തീഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭാ കൗണ്‍സിലറായിരുന്ന തലാപ്പില്‍ അബ്ദുള്‍ ജലീലിന്റെ സ്മരണാര്‍ഥമാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
കിഴക്കേത്തലയില്‍ 12 സെന്റ് ഭൂമി വാങ്ങിയാണ് നഗരസഭ നിര്‍മാണ പ്രവൃത്തി നടത്തിയത്. രണ്ട് നിലകളിലായി എട്ട് ക്ലാസ് മുറികള്‍ സജ്ജമാക്കി. ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലായി 88 വിദ്യാര്‍ഥികളാണ് സ്കൂളില്‍ പഠനം നടത്തുന്നത്. പ്രീ പ്രൈമറി വിഭാഗത്തില്‍ 25 കുട്ടികളുമുണ്ട്. ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ,
വൈസ് ചെയര്മാന് വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, എന്‍.കെ. ഖൈറുന്നീസ, സി. സക്കീന, എന്‍.എം.എല്‍സി, കൗണ്‍സിലര്‍മാരായ മുജീബ് റഹ്മാന് പരേറ്റ, മരുന്നന്‍ സാജിദ് ബാബു, ഫാത്തിമ സുഹ്റ, ഷറീന ജവഹര്‍, എന്‍.ടി. സുലൈഖ, മുനിസിപ്പല്‍ എന്‍ജിനിയര്‍ പി.സതീഷ് കുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എസ്. സുനിത, ബിപിസി എം.പി. സുധീര്‍ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സായ ലാല മലപ്പുറം, നസീര്‍ എന്നിവര്‍ അതിഥികളായെത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാപ്രകടനങ്ങള്‍ ഉണ്ടായിരുന്നു.