ബൈക്ക് യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ പ്രതി പിടിയില്‍
1495296
Wednesday, January 15, 2025 5:38 AM IST
മലപ്പുറം: കൂട്ടിലങ്ങാടി മെരുവിന്കുന്നില് ബൈക്ക് യാത്രികനെ ഇടിച്ച് നിര്‍ത്താതെ പോയ കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. മഞ്ചേരി സ്വദേശി കിഴക്കുംപറമ്പില്‍ വീട്ടില്‍ കെ.പി.റാഫി (29) യാണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം ഒക്ടോബര്‍ 18ന് പുലര്‍ച്ചെ 1.15നാണ് കേസിനാസ്പദമായ സംഭവം.
അമിത വേഗത്തില്‍ സുഹൃത്തിന്റെ കാറോടിച്ച് പോകവേ മെരുവിന്‍കുന്ന് വച്ച് കൂട്ടിലങ്ങാടി സ്വദേശിയായ സുനീര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുനീറിന് ഗുരുതര പരിക്കേറ്റു. എന്നാല്‍, പ്രതി വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞു. അതുവഴി വന്ന നാട്ടുകാരനാണ് സുനീറിനെ ആശുപത്രിയിലെത്തിച്ചത്.
കേസ് പിന്നീട് ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വെളുത്ത മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായെങ്കിലും നമ്പര്‍ ലഭിച്ചിരുന്നില്ല. ഫോണ്‍ കാള്‍ വിവരങ്ങളും സാമൂഹ്യ മാധ്യമ അക്കൗണ്ടുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഴക്കാട് വച്ച് കാര്‍ കണ്ടെത്തിയത്.
കാറുടമയെ ബന്ധപ്പെട്ടപ്പോള്‍ അപകട സമയത്ത് വാഹനം ഓടിച്ചത് റാഫിയാണെന്ന് ബോധ്യപ്പെട്ടു. മലപ്പുറം ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി സാജു.കെ. ഏബ്രഹാം, എസ്ഐമാരായ കെ.ജയരാജന്, എ.കെ.സജീവ്, സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ പി.വിജയന്, എന്‍.എം.അബ്ദുള്ള ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.