നിറമരുതൂര്‍ സ്കൂളിനെ മാതൃകാ സ്പോര്‍ട്സ് സ്കൂളാക്കും: മന്ത്രി വി. അബ്ദുറഹിമാന്
1494648
Sunday, January 12, 2025 7:38 AM IST
നിറമരുതൂര്‍: സംസ്ഥാനത്ത് കായിക മേഖലയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും നിറമരുതൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ മാതൃകാ സ്പോര്‍ട്സ് സ്കൂളാക്കി മാറ്റുമെന്നും മന്ത്രി വി. അബ്ദുറഹിമാന്. നിറമരുതൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച മള്‍ട്ടിപര്‍പസ് സ്റ്റേഡിയത്തിന്റെയും ഗാലറിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.കൃത്യമായ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചാണ് സ്കൂളിലെ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുന്നത്.
സ്കൂളുകളില്‍ കായികോത്സവങ്ങള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കും. നിറമരുതൂര്‍ സ്കൂളിലെ സൗകര്യങ്ങള്‍ കേരളത്തിനു മാതൃകയാക്കാവുന്ന രീതിയില്‍ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1.89 കോടി രൂപ ചെലവില്‍ നിര്‍മിച്ച, പ്രീ എന്‍ജിനിയറിംഗ് മാതൃകയോടു കൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ഗാലറി തുടങ്ങി വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടണ്ട്. നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം വി.കെ.എം. ഷാഫി, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം പോളാട്ട് നാസര്‍, പഞ്ചായത്തംഗം ശാന്തമ്മ, ഡിഡിഇ കെ.പി. രമേഷ്കുമാര്‍, വിദ്യാകിരണം ജില്ലാ കോഓര്‍ഡിനേറ്റര്‍ സുരേഷ് കൊളശേരി, ഹെഡ്മാസ്റ്റര് ടി.വി. ദിനേഷ്, പ്രിന്‍സിപ്പല്‍ പി.ബി.ഷിജു, ജിയുപി സ്കൂള്‍ ഹെഡ്മിസ്ട്രസ് ടി.വി. ലത, പിടിഎ പ്രസിഡന്റ് കെ.ടി. ശശി, മുസ്തഫ പൊക്ലാത്ത്, ടി.പി.ഹാജറ എന്നിവര്‍ പങ്കെടുത്തു.