മലപ്പുറത്ത് മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതികള്‍ക്കു തുടക്കമായി
1495140
Tuesday, January 14, 2025 6:04 AM IST
മലപ്പുറം: മാലിന്യ സംസ്കരണ രംഗത്ത് ആധുനിക സാങ്കേതികവിദ്യകളും കാലാനുസൃതമായ പുതിയ സമീപനങ്ങളും നടപ്പാക്കുന്നത് ഈ മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴി തെളിയിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി.
മലപ്പുറം നഗരസഭയില്‍ ലോക ബാങ്ക് സാമ്പത്തിക സഹായത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (ബയോ മൈനിംഗ്) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
11 കോടി 40 ലക്ഷം രൂപയാണ് പ്രാഥമികമായി മലപ്പുറം നഗരസഭയ്ക്ക് പദ്ധതിയിനത്തില്‍ ലഭ്യമായത്. പദ്ധതിയുടെ ആദ്യഘട്ടമായി പതിറ്റാണ്ടുകളായി പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന പുളിയേറ്റുമ്മല്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ബയോ മൈനിംഗ് പദ്ധതി നടപ്പാക്കും.
ചടങ്ങില്‍ പി. ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മലപ്പുറം നഗരസഭാ ചെയര്മാന് മുജീബ് കാടേരി, മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ. അബ്ദുള്‍ഹക്കീം തുടങ്ങിയവര്‍ പ്രസംഗിച്ചു.