കിണറ്റില്‍ കുടുങ്ങിയവരെ അഗ്നിരക്ഷാസേന രക്ഷിച്ചു
1495134
Tuesday, January 14, 2025 6:02 AM IST
മഞ്ചേരി: കിണറിലിറങ്ങിയ യുവാവ് മണ്ണിടിഞ്ഞ് കുടുങ്ങിയതോടെ രക്ഷിക്കാനിറങ്ങിയ സഹതൊഴിലാളിയും തിരിച്ചു കയറാനാകാതെ കുടുങ്ങി. മഞ്ചേരി വേട്ടേക്കോട് സ്വദേശി ചക്കാലക്കുത്ത് അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ള തെങ്ങിന്‍തോപ്പിലെ കിണറ്റില്‍ ഇന്നലെ രാവിലെയാണ് സംഭവം.
വേട്ടേക്കോട് സ്വദേശിയായ കിഴിയാട്ടില് രതീഷ് (42) ആണ് ആദ്യം കിണറിലിറങ്ങിയത്. ഇതോടെ കിണറ്റിലെ മണ്ണിടിഞ്ഞു. 60 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്ന് രതീഷിന് തിരികെ കയറാനായില്ല. രതീഷിനെ രക്ഷിക്കാനായി ഒപ്പം ജോലി ചെയ്യുന്ന കരിമുടിക്കല്‍ ശിഹാബും ഇറങ്ങി. താഴെയെത്തിയ ശിഹാബിന്റെ ദേഹത്തേക്ക് പണിയുപകരണം വീണു. ഇതോടെ ശിഹാബിന് തിരികെ കയറാനായില്ല.
ഉടന്‍ നാട്ടുകാര്‍ മഞ്ചേരി അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. സ്റ്റേഷന് ഓഫീസര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തി റോപ്പിന്റെ സഹായത്തോടെ സേഫ്റ്റി ഹാര്‍നസ് ധരിച്ച് ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ കെ.കെ. പ്രജിത്ത് കിണറ്റിലിറങ്ങി. മണ്ണ് മാറ്റുന്നതിനിടെയാണ് രതീഷിന്റെ പരിക്ക് ശ്രദ്ധയില്‍പ്പെടുന്നത്.
തുടര്‍ന്ന് സ്റ്റേഷന് ഓഫീസറുടെ നിര്‍ദേശ പ്രകാരം എസ്എഫ്ആര്‍ഒ പി.കെ. പ്രതീഷ് കൂടി കിണറ്റിലിറങ്ങി രതീഷിനെ പുറത്തെത്തിച്ചു. തുടര്‍ന്ന് ശിഹാബിനെയും രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ സലീം കണ്ണൂകാരന്‍,
സൈനുല്‍ ആബിദ്, ശ്രീലേഷ് കുമാര്‍, രമേഷ്, അനൂപ്, അബ്ദുള്‍ സത്താര്‍, ഗണേഷ് കുമാര്‍, കൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. സിവില്‍ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ചു.