"കൊണ്ടോട്ടിയില്‍ കരുതലും കൈത്താങ്ങും’ : അദാലത്തില്‍ 223 പരാതികള്‍ തീര്‍പ്പാക്കി
1495129
Tuesday, January 14, 2025 6:02 AM IST
കൊണ്ടോട്ടി: പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന "കരുതലും കൈത്താങ്ങും’ കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ 223 പരാതികള്‍ക്ക് പരിഹാരമായി.
മന്ത്രിമാരായ വി. അബ്ദുറഹിമാന്, അഡ്വ. പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഹജ്ജ് ഹൗസിലാണ് അദാലത്ത് നടന്നത്. അദാലത്തില്‍ ആകെ 965 പരാതികളാണ് ലഭിച്ചത്. 383 പരാതികള്‍ മുന്‍കൂറായും 582 പരാതികള്‍ അദാലത്തു ദിവസവും ലഭിച്ചു. 144 പരാതിക്കാരെ മന്ത്രി നേരില്‍ കേട്ടു.
അദാലത്തില്‍ 28 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ഭൂമി സംബന്ധമായ രണ്ടു അപേക്ഷകളാണ് തീര്‍പ്പാക്കിയത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞു. കരുതലും കൈത്താങ്ങും അദാലത്തുകള്‍ വഴി പൊതുജനങ്ങളുടെ ഒട്ടേറെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
അദാലത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപൂര്‍വ ത്രിപാദി, എഡിഎം എന്‍.എം. മെഹറലി, വിവിധ ജില്ലാ,താലൂക്ക്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബിന്ദുവിന് ചികിത്സാ സഹായം നല്കാന് മന്ത്രിയുടെ നിര്‍ദേശം
കൊണ്ടോട്ടി: ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ച ബിന്ദുവിന് ചികിത്സാ സഹായവും ഫിസിയോ തെറാപ്പിയും ലഭ്യമാക്കാന്‍ മന്ത്രി വി. അബ്ദുറഹിമാന്റെ നിര്‍ദേശം. സാമ്പത്തിക പ്രയാസം മൂലം ആറുമാസത്തോളമായി ചികിത്സ മുടങ്ങിയ ബിന്ദുവും ഭര്‍ത്താവ് സജീഷും കൊണ്ടോട്ടി താലൂക്ക് പരാതി പരിഹാര അദാലത്തില്‍ പരാതിയുമായി എത്തുകയായിരുന്നു.
അനുഭാവപൂര്‍വം പരാതി പരിഗണിച്ച മന്ത്രി ഉടന്‍ പരിഹാരം കാണാന്‍ ഡിഎംഒക്ക് നിര്‍ദേശം നല്കി. അസുഖ ബാധിതയായി കിടപ്പിലായിരുന്ന ബിന്ദു കുറേക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് എഴുന്നേറ്റിരിക്കുകയും ചലനശേഷി വീണ്ടെടുക്കുകയും ചെയ്തത്. തുടര്‍ചികിത്സക്കുള്ള സാധ്യതയാണ് മന്ത്രിയുടെ ഉറപ്പില്‍ തെളിഞ്ഞത്.
ഷാനിബിന് പഠനാവശ്യത്തിന് മൊബൈല്‍ ഫോണ്‍ നല്കി മന്ത്രി
കൊണ്ടോട്ടി: പഠനാവശ്യത്തിന് മൊബൈല്‍ ഫോണ്‍ വേണം എന്ന അഭ്യര്‍ഥനയുമായി എത്തിയ വിദ്യാര്‍ഥിക്ക് അദാലത്തിന്റെ കരുതല്‍. കഴിഞ്ഞദിവസം നടന്ന ഏറനാട് താലൂക്ക് അദാലത്തില്‍ മകനും പ്ലസ്ടു വിദ്യാര്‍ഥിയുമായ ഷാനിബിന് പഠനത്തിനായി മൊബൈല്‍ വേണമെന്ന ആവശ്യം മന്ത്രി വി. അബ്ദുറഹിമാനോട് കുട്ടിയുടെ രക്ഷിതാവ് ഉന്നയിച്ചിരുന്നു.
ആവശ്യം പരിഗണിച്ച മന്ത്രി ഇന്നലെ നടന്ന കൊണ്ടോട്ടി താലൂക്ക് അദാലത്തില്‍ മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു. ഊര്‍ങ്ങാട്ടിരി സ്വദേശികളായ ഫാത്തിമയുടെയും അബ്ദുള്‍ ഗഫൂറിന്റെയും മകനായ ഷാനിബ് എടവണ്ണ ഐഒഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
ഷാനിബിന്റെ പിതാവ് ഭിന്നശേഷിക്കാരനാണ്. കളക്ടര്‍ ഇടപെട്ട് കൊണ്ടോട്ടിയിലെ ജപ്പാന് സ്ക്വയര്‍ കടയുടമ മൊബൈല്‍ നല്കാന് തയാറാവുകയായിരുന്നു.