റോഡുകള്‍ നന്നാക്കാത്തതില്‍ ഓഫീസില്‍ ഉദ്യോഗസ്ഥരെ പൂട്ടിയിട്ട് പ്രതിഷേധം
1495131
Tuesday, January 14, 2025 6:02 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്ത് പരിധിയിൽ ജല്‍ജീവന്‍ മിഷനു വേണ്ടി റോഡരികില്‍ ചാലെടുത്തത് നികത്താത്തതില്‍ പ്രതിഷേധിച്ച് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പൂട്ടിയിട്ട് പ്രതിഷേധം. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് എഇ അടക്കമുള്ള ഉദ്യോഗസ്ഥരെ പൂട്ടിയിട്ടത്.
ചുങ്കത്തറ സിഎച്ച്സിയിലേക്കുള്ള റോഡിന്റെ പ്രവൃത്തി ഒരാഴ്ചക്കകവും മൊത്തം റോഡുകളുടെ പ്രവൃത്തി ജനുവരി 30നകവും പൂര്‍ത്തിയാക്കാമെന്ന ഉറപ്പിലാണ് ഉദ്യേഗസ്ഥരെ വിട്ടയച്ചത്.ജലനിധിയുടെ കുടിവെള്ളം പോകാന്‍ വേണ്ടിയുള്ള പൈപ്പുകള്‍ ജല്ജീവനു വേണ്ടി കുഴിയെടുത്തപ്പോള്‍ പലസ്ഥലത്തും തകരാറിലായിട്ടുണ്ട്. വഴിക്കടവ് പഞ്ചായത്തില്‍ മാത്രം 700 കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. ജലനിധിയുടേത് തടസപ്പെടുകയും ചെയ്തു. ഇത് താലൂക്ക് വികസന സമിതിയില്‍ വരെ ചര്‍ച്ചയായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് വാട്ടര്‍ അഥോറിറ്റി എഇ സുജ വിജയന്, ഓവര്‍സിയര്‍ എം.ജി. ഹരിദാസ് എന്നിവരെ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടിയത്. ഇത് സംബന്ധിച്ച് കരാര്‍ തയാറാക്കി ഒപ്പുവപ്പിച്ചതിന് ശേഷമാണ് ജീവനക്കാരെ പോകാന്‍ അനുവദിച്ചത്.