വനിതാ ഡോക്ടറെ അക്രമിച്ചവരെ അറസ്റ്റ് ചെയ്യണം: കെജിഎംഒഎ
1494861
Monday, January 13, 2025 5:35 AM IST
മലപ്പുറം: തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗം വനിതാ ഡോക്ടറെ ഡ്യൂട്ടി സമയത്ത് അസഭ്യം പറയുകയും ആക്രമിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ആശുപത്രിയിലെ അത്യാഹിതവിഭാഗം ഉള്‍പ്പെടെയുള്ള സേവനങ്ങളില്‍ നിന്ന് വിട്ടുനിന്ന് സമരം നടത്തുമെന്ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെജിഎംഒഎ) ജില്ലാ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും അക്രമിയെ അറസ്റ്റ് ചെയ്യാനോ കേസെടുക്കാനോ തയാറാകാത്ത പോലീസ് തികഞ്ഞ നിസംഗത പുലര്‍ത്തുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.
രോഗിയുടെ കൂട്ടിരിപ്പുകാരനായ അക്രമി യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളുടെ പെരുമാറ്റം കാരണം അടിയന്തര ചികിത്സക്ക് വന്ന പല രോഗികളും വിവിധ ആശുപത്രികളിലേക്ക് മാറേണ്ടി വന്നു.
താലൂക്കാശുപത്രിയിലെ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണമെന്നും ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷിതമായി ആശുപത്രിയില്‍ ജോലി ചെയ്യാനുള്ള അവസരമുണ്ടാകണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.