മലയോര മേഖലയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും വ്യാപകം
1494854
Monday, January 13, 2025 5:32 AM IST
കരുവാരകുണ്ട് : മലയോര മേഖലയായ കരുവാരകുണ്ടിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നുകളുടെ വിപണനവും ഉപയോഗവും വ്യാപകമാകുന്നതായി പരാതി. യുവാക്കളിലും കൗമാരക്കാരിലുമാണ് മയക്കുമരുന്നിന്റെ ഉപയോഗം കൂടുന്നത്. മദ്യം, കഞ്ചാവ് എന്നിവയ്ക്ക് പുറമേ മാരകമയക്കുമരുന്നായ എംഡിഎംഎ ഉള്‍പ്പെടെയുള്ള മരക്കുമരുന്നുകളാണ് വിപണനം ചെയ്യപ്പെടുന്നത്.
ലഹരി ഉപയോഗത്തിന്റെയും വിപണനത്തിന്റെയും പേരില്‍ പലതരത്തിലുള്ള അനിഷ്ട സംഭവങ്ങളും പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതുംശേഷം കാര്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിയമര്ന്നതുമായ സംഭവവും കരുവാരകുണ്ടിലുണ്ടായി. ഇക്കാര്യങ്ങളിലൊന്നും പോലീസിന്റെ അന്വേഷണം ഫലപ്രദമായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചിലരുടെ പെട്ടെന്നുള്ള സാമ്പത്തിക ഉയര്‍ച്ചയും അന്വേഷണത്തില്‍ പെടുത്തണം.
വിദ്യാലയങ്ങളുടെ പരിസരങ്ങള്‍ കേന്ദ്രീകരിച്ചും ബസ് സ്റ്റാന്‍ഡ്, ഉള്‍പ്രദേശങ്ങളിലെ പുഴയോരങ്ങള്‍ എന്നിവിടങ്ങളിലുമാണ് വ്യാപകമായ തോതില്‍ മയക്കുമരുന്നിന്റെ വില്‍പ്പനയും ഉപയോഗവും നടക്കുന്നത്.
വിദൂരദിക്കുകളില്‍നിന്ന് പോലും ആളുകള്‍ ഇത്തരം സ്ഥലങ്ങളിലെത്തി മദ്യപിക്കുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും പതിവായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
പുഴയോരങ്ങളില്‍ നിന്ന് മദ്യക്കുപ്പികളും മയക്കുമരുന്ന് കുത്തിവയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകള്‍ പോലെയുള്ളവയും മറ്റു അവശിഷ്ടങ്ങളും കണ്ടെത്തല്‍ പതിവാണ്. മറ്റു സ്ഥലങ്ങളില്‍നിന്ന് വിദേശമദ്യം കടത്തികൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് പറയുന്ന സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കുന്ന സംഘങ്ങളും കൂടുതലാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
മയക്കുമരുന്ന് ഉപയോഗവും വിപണനവും വ്യാപകമാവുകയും ഇതുവഴി പലതരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടും ഇത്തരം കാര്യങ്ങള്‍ പോലീസ് ശ്രദ്ധിക്കുന്നില്ലെന്നാണ് പരാതി.
രാത്രികാല പട്രോളിംഗ് പോലും കാര്യക്ഷമമായി നടക്കുന്നില്ല. മയക്കുമരുന്ന് ഉപയോഗവും വിപണനവും നിയന്ത്രിക്കുന്നതിന് പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് നാട്ടുകാരുടെ ആവശ്യം.