കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവം: യുവാവ് പിടിയില്‍
1494850
Monday, January 13, 2025 5:32 AM IST
ചങ്ങരംകുളം: ചേലക്കടവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുക്കള്‍ എറിഞ്ഞ് ഭീതി പരത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പെരുമ്പിലാവ് കരിക്കാട് സ്വദേശി കൊയ്തു തറമ്മല്‍ സബിത്ത് (25) ആണ് പിടിയിലായത്. വീട്ടിലെ സിസിടിവിയില്‍നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ചങ്ങരംകുളം പോലീസാണ് കേസില്‍ അന്വേഷണം നടത്തിയത്.
ചേലക്കടവ് താമസിച്ചിരുന്ന വിരളിപ്പുറത്ത് റാഷിദിന്റെ വീട്ടിലേക്കാണ് ശനിയാഴ്ച പുലര്‍ച്ചെ സ്ഫോടകവസ്തു കത്തിച്ച് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി കേട്ട് വീട്ടുകാര്‍ വാതില്‍ തുറന്നതോടെ വീടും പരിസരവും തീയും പുകയും കൊണ്ട് നിറഞ്ഞിരുന്നു. വീട്ടുകാര്‍ അകത്തായതിനാല്‍ വലിയ ദുരന്തത്തില്‍നിന്നാണ് രക്ഷപ്പെട്ടത്. പൊട്ടാത്ത നിലയില്‍ ഒരു ഗുണ്ടും സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.
ഹെല്‍മറ്റ് ധരിച്ച യുവാവ് വീട്ടിലെത്തി സ്ഫോടകവസ്തു വീട്ടിലേക്ക് കത്തിച്ച് എറിയുന്ന ദൃശ്യവും ശബ്ദവും തീയും പുകയും ഉയര്‍ന്നതോടെ യുവാവ് ഓടി രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.
വീടിന്റെ ഗേറ്റിന് മുകളില്‍ സിപിഎമ്മിന്റെ കൊടി നാട്ടിയിട്ടാണ് യുവാവ് രക്ഷപ്പെട്ടത്.ചങ്ങരംകുളം പോലീസും ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധര്‍ അടക്കമുള്ള ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ആള് മാറിയാണ് പ്രതി റാഷിദിന്റെ വീട്ടില്‍ അക്രമം നടത്തിയതെന്നാണ് നിഗമനം.
ചങ്ങരംകുളത്തെ മൊബൈല്‍ ഷോപ്പില്‍നിന്ന് പ്രതിയുടെ ബന്ധു തവണ വ്യവസ്ഥയില്‍ മൊബൈല്‍ എടുത്തതുമായി തര്‍ക്കം ഉണ്ടായിരുന്നു. ആ ഷോപ്പിന്റെ ഉടമയാണെന്ന് കരുതി ആള് മാറിയാണ് മറ്റൊരു മൊബൈല്‍ ഷോപ്പിന്റെ ഉടമ കൂടിയായ റാഷിദിന്റെ വീട്ടില്‍ സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് വിവരം.
പിടിയിലായ പ്രതി ക്വാറി തൊഴിലാളിയാണെന്നും ക്വാറിയില്‍ സ്ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇയാള്‍ റാഷിദിന്റെ വീട്ടില്‍ സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നുമാണ് നിഗമനം. സംഭവത്തില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.