പുലാമന്തോളില്‍ ഡ്രോണ്‍ മാപ്പിംഗ് സര്‍വേ ആരംഭിച്ചു
1495130
Tuesday, January 14, 2025 6:02 AM IST
പുലാമന്തോള്‍: പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പാക്കുന്ന ജിഐഎസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായി ഡ്രോണ്‍ സര്‍വേ ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് സര്‍വേ ചെയ്യുന്നത്. സമ്പൂര്‍ണ ഭൗമവിവരഗ്രാമപഞ്ചായത്താക്കി ഉയര്‍ത്തുന്നതിനാണ് ഡ്രോണ്‍ സര്‍വേ നടത്തുന്നത്.
ജലസ്രോതസുകള്‍, റോഡുകള്‍, കെട്ടിടങ്ങള്‍, തെരുവുവിളക്കുകള്‍, കുടിവെള്ള പൈപ്പുകള്‍, കുളങ്ങള്‍, തോടുകള്‍, കിണറുകള്‍, പാലങ്ങള്‍ എന്നിവ ഡ്രോണ്‍ ഉപയോഗിച്ച് വിവരശേഖരണം നടത്തും. കെട്ടിടങ്ങളുടെ വിസ്തീര്‍ണവും കുടുംബാംഗങ്ങളുടെ വിവരങ്ങളും നേരിട്ട് ശേഖരിക്കും. സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഗ്രാമപഞ്ചായത്തിലെ വിവരങ്ങളെല്ലാം ഡിജിറ്റൈസ് ആകും.
ഡ്രോണ്‍ മാപ്പിംഗ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന് പനങ്ങാട്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി. സാവിത്രി, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ വി.പി. മുഹമ്മദ് ഹനീഫ,
കെ. ഷിനോസ് ജോസഫ്, കെ. ലില്ലിക്കുട്ടി, കെ. രവി, സി. മുഹമ്മദാലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. ബിനുരാജ്, അസിസ്റ്റന്റ് സെക്രട്ടറി കെ. കൃഷ്ണകുമാര്‍, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.