അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ കൈവരികൾ ഒടിഞ്ഞു തൂങ്ങി
1451048
Friday, September 6, 2024 4:59 AM IST
പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെഅങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികൾ തകർന്ന നിലയിൽ. കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തിൽ തൂണിന്റെ ഒരു ഭാഗം ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്. പാലം ഉദ്ഘാടനത്തിനു ശേഷം ചെറുതും വലുതും ആയിട്ടുള്ള ഒട്ടേറെ വാഹനങ്ങളാണ് പാലത്തിന്റെ കൈവരികളിൽ ഇടിച്ച് അപകടത്തിൽപെട്ടിട്ടുള്ളത്.
ഏറിയ അപകടങ്ങളും ഉണ്ടായിട്ടുള്ളത് പുലർച്ച സമയങ്ങളിലാണ്. ഈ സമയങ്ങളിൽ വീതികൂടിയ റോഡിൽ വാഹനങ്ങളുടെ തിരക്ക് ഇല്ലാത്തതിനാൽ പെരിന്തൽമണ്ണ ഭാഗത്ത് നിന്നും പരമാവധി വേഗതയിൽ വരുന്ന വാഹനങ്ങൾ പെട്ടെന്ന് വീതി കുറഞ്ഞ പാലത്തിലേക്ക് കയറുന്ന സമയങ്ങളിലാണ് അപകടം സംഭവിക്കുന്നത്.
ഓരോ അപകടങ്ങൾ ഉണ്ടാകുമ്പോഴും പാലത്തിന്റെ കൈവരികളിലെ ഒരു ഭാഗം തകരും. അപകടത്തിൽപെടുന്ന വാഹനങ്ങൾക്കാണെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകാറുള്ളത്.
പലപ്പോഴും എൻജിൻ ഭാഗം മുഴുവനായും ഇടിയുടെ ആഘാതത്തിൽ പൊട്ടി പിളർന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.