"ദേശീയപാതാ സർവീസ് റോഡുകൾക്ക് സമീപമുള്ള വീട് നിർമാണത്തിന് ആക്സസ് പെർമിറ്റ് നിർബന്ധമാക്കില്ല'
1451040
Friday, September 6, 2024 4:59 AM IST
എംഎൽഎയുടെ പരാതിക്ക് അദാലത്ത് ഉദ്ഘാടന വേദിയിൽ തന്നെ തീർപ്പ്
മലപ്പുറം: താമസ ആവശ്യത്തിനുള്ള വീടുകൾ നിർമിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽ നിന്നുള്ള ആക്സസ് പെർമിഷൻ നിർബന്ധമാക്കില്ലെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം. ബി. രാജേഷ് പറഞ്ഞു. ആക്സസ് പെർമിഷൻ ഇല്ലാതെ തന്നെ വീടുകൾക്ക് ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ബിൽഡിംഗ് പെർമിറ്റും നമ്പറും ലഭിക്കും.
വിവിധ ജില്ലാ അദാലത്തുകളിൽ വന്ന പരാതികൾ പരിഗണിച്ചാണ് പൊതുവായ തീരുമാനം സർക്കാർ സ്വീകരിച്ചത്. വിമാനത്താവളം, റെയിൽവെ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവയുടെ എൻഒസിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മലപ്പുറം മേല്‍മുറിയിലെ മഅദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി അറിയിച്ചു.
ഉദ്ഘാടന വേദിയിൽ അധ്യക്ഷനായിരുന്ന ടി.വി. ഇബ്രാഹിം എംഎൽഎ ആണ് വിഷയം അധ്യക്ഷ പ്രസംഗത്തിൽ ഉന്നയിച്ചത്. എംഎൽഎ ഉന്നയിച്ച വിഷയത്തിന് തൊട്ടുപിന്നാലെ സംസാരിച്ച മന്ത്രി പരിഹാരം കാണുകയായിരുന്നു. ആക്സസ് പെർമിറ്റിന്റെ മറവിൽ വലിയ ചൂഷണങ്ങൾ നടക്കുന്നുവെന്നും പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനമെങ്ങും പതിനായിരക്കണക്കിന് പേർക്ക് ഗുണകരമാവുന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയത്. തദ്ദേശ അദാലത്തുകൾ വഴി നിരവധി പൊതുവായ പ്രശ്നങ്ങളിലാണ് ഇതിനകം തീരുമാനം ഉണ്ടാക്കാനായത്.
ചട്ടങ്ങളിലെ അവ്യക്തതകളിൽ വ്യക്തത വരുത്തുകയും കാലഹരണപ്പെട്ടവ കാലാനുസൃതമാക്കുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 106 ചട്ടങ്ങളിൽ 351 ഭേദഗതികൾ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വസ്തു നികുതി കുടിശികയ്ക്കും വാടക കുടിശികയ്ക്കും കൂട്ടുപലിശക്ക് പകരം ക്രമപലിശ മാത്രം ഈടാക്കുക, പഞ്ചായത്തുകളിൽ നടക്കുന്ന വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ സ്വദേശത്തുള്ളവർക്കും വീഡിയോ കോൺഫറൻസ് സംവിധാനത്തിന് അനുമതി, ലൈഫ് ഉൾപ്പെടെ സർക്കാർ പദ്ധതികളിൽ വീട് ലഭിച്ചവർക്ക് ഏഴ് വർഷത്തിന് ശേഷം വിൽക്കാൻ അനുമതി തുടങ്ങിയ തീരുമാനങ്ങൾ ഇതിനകം അദാലത്തിന്റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട്.
മുൻകൂട്ടി ഓൺലൈനായി ലഭിച്ച പരാതികൾ അദാലത്തിൽ വച്ച് തീർപ്പാക്കും. ഇന്ന് പുതുതായി നേരിട്ട് അദാലത്തിൽ ലഭിക്കുന്ന പരാതികൾ രണ്ട് ആഴ്ചയ്ക്കുള്ളിൽ തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ടി.വി. ഇബ്രാഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ യു.എ. ലത്തീഫ്, കുറുക്കോളി മൊയ്തീൻ, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ കളക്ടര്‍ വി.ആർ വിനോദ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ചീഫ് എൻജിനിയർ കെ. ജി. സന്ദീപ് , ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ,
മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, ജില്ലാ ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ കാരാട്ട്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ കലാം മാസ്റ്റർ, വാർഡ് കൗൺസിലർ സുഹ്റ അയമോൻ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.