മുള്ളന്‍പന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് വീണ് യുവാവ് മരിച്ചു
1444120
Sunday, August 11, 2024 11:22 PM IST
എടക്കര: റോഡിന് കുറുകെ ഓടിയ മുള്ളന്‍പന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് വീണ് യുവാവ് മരിച്ചു. മൂത്തേടം കാരപ്പുറം ബാലംകുളത്തെ കുനര്ക്കാടന് ഹമീദിന്റെ മകന് ഷഫീഖ് എന്ന ബാവ (34)യാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ പാലങ്കര പാറായിപ്പടിയില് വച്ചാണ് അപകടം. കാളികാവിലേക്ക് ജോലിക്കായി പോകവെ പാറായിപ്പടിയില് വച്ച് റോഡിന് കുറുകെ ഓടിയ മുള്ളന്‍പന്നിയെ ഇടിക്കുകയായിരുന്നു.
തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി തൂണിലും ഇടിച്ചു. തെറിച്ചുവീണ ഷഫീഖിന് സാരമായി പരിക്കേറ്റിരുന്നു. അപകടം അറിഞ്ഞെത്തിയ പാലങ്കര സ്നേഹക്കൂട്ടായ്മ പ്രവര്‍ത്തകർ യുവാവിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിദ്റത്തുല്‍ മുന്‍തഹയാണ് ഷഫീഖിന്റെ ഭാര്യ. മകള്‍: ഷസ. മാതാവ്: സുബൈദ. സഹോദരങ്ങള്‍: ഷംസീര്‍, സബിത, സബ്ന.