വീട്ടുമുറ്റത്തെ മരം വെട്ടിനശിപ്പിച്ചതിൽ കെഎസ്ഇബിക്കെതിരേ പരാതി
1443344
Friday, August 9, 2024 5:07 AM IST
മഞ്ചേരി: വീട്ടുമുറ്റത്തെ മിൽക്ക് ഫ്രൂട്ട് മരം കെഎസ്ഇബി വെട്ടിനശിപ്പിച്ചതായി പരാതി. പയ്യനാട് ചെങ്ങണ വടക്കാങ്ങര ഫാഹിദ് അലിയുടെ ഉടമസ്ഥതയിലുള്ള മരമാണ് വൈദ്യുതി ലൈനിന് ഭീഷണിയാണെന്ന് കാണിച്ച് വെട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. എക്സോട്ടിക് ഫ്രൂട്ട് കൃഷിയോട് താല്പര്യമുള്ളയാളാണ് ഫാഹിദ്.
വീട് നിൽക്കുന്ന സ്ഥലം ഒഴിച്ച് ബാക്കി എല്ലാ സ്ഥലത്തും ആറ് വർഷം മുമ്പ് ഫ്രൂട്ട് മരങ്ങൾ നട്ടിരുന്നു. വളവും വെള്ളവും നൽകി നല്ല രൂപത്തിൽ പരിപാലിച്ചു പോരുന്ന ജമൈക്കൻ സ്റ്റാർ ആപ്പിൽ( മിൽക്ക് ഫ്രൂട്ട്) എന്ന മരം വൈദ്യുതി ലൈനിലേക്ക് തട്ടാതിരിക്കാൻ ഫാഹിദ് തന്നെ ഒന്നര മീറ്റർ കട്ട് ചെയ്തു നിർത്തുകയും ചെയ്തു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വൈദ്യുതി ലൈനിൽ നിന്നും അഞ്ചു മീറ്റർ ദൂരത്തിൽ പൂവിട്ട മരം അധികൃതർ നശിപ്പിച്ചത്. പൂവിട്ട മരം മുറിച്ചതു കാരണം തനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടായതായി ചൂണ്ടിക്കാട്ടി ഫാഹിദ് കൃഷി വകുപ്പ് മന്ത്രിക്കും കെഎസ്ഇബി അസി.എൻജിനീയർക്കും പരാതി നൽകി. ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.