വയനാട് ദുരന്തം: മലയോര കർഷകരെ പഴിചാരുന്ന നയം തിരുത്തണമെന്ന്
1443337
Friday, August 9, 2024 5:07 AM IST
കരുവാരകുണ്ട്: വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ദുരന്തം ചൂണ്ടിക്കാട്ടി ചില കപട പരിസ്ഥിതിവാദികൾ സോഷ്യൽ മീഡിയ വഴി കർഷകരെ വേട്ടയാടുന്ന സമീപനം തിരുത്തണമെന്ന് മലയോര കർഷക കൂട്ടായ്മ പറഞ്ഞു.
വയനാട്ടിലെ ചൂരൽമലയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രദേശങ്ങളിലും 2018ൽ കരുവാരകുണ്ട് അൽഫോൻസ് ഗിരിയിലും, കൽകുണ്ടിലെ മണലിയാം പാടത്തും അനുഭവപ്പെട്ട ഉരുൾപൊട്ടലുമായി കർഷകർക്ക് യാതൊരു ബന്ധവുമില്ലന്ന് അവിടം സന്ദർശിച്ചവർക്ക് മനസിലാകും.
ഇവിടങ്ങളിൽ അനുഭവപ്പെട്ട ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം ഉൾവനാന്തരങ്ങളിലും വനത്തിനുള്ളിലെ പാറക്കെട്ടുകളിലുമാണ്. കർഷകർക്കും കൃഷിയിടങ്ങൾക്കും നേരേ ഒരു ഗൂഢസംഘം വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണ്. ഇപ്പോഴുണ്ടായ പ്രകൃതിക്ഷോഭത്തിന്റെ മറവിൽ മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകൾ വീണ്ടും അവതരിപ്പിക്കുവാനുള്ള ശ്രമമാണ് ഇവരുടെ ലക്ഷ്യമെന്നും കർഷക കൂട്ടായ്മ യോഗത്തിൽ അഭിപ്രായമുയർന്നു.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ കൽകുണ്ട് വനമേഖലയുടെ ഉയർന്ന പാറക്കെട്ടുകളിലാണ് നേരത്തേയുണ്ടായ ഉരുൾപൊട്ടൽ അനുഭവപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്നും 3,500 അടി ഉയരത്തിലാണത്. കാർഷിക മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശമാണിവിടം.
വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും കർഷക കൂട്ടായ്മ യോഗത്തിൽ ആവശ്യപ്പെട്ടു. ജോയ് ചെറിയാൻ വയലിൽ, ചാക്കോച്ചൻ കുരിശുംമൂട്ടിൽ, ടോമി ചെട്ടിപ്പറമ്പിൽ, സാജു കിഴക്കേത്തലക്കൽ, ബെന്നി ഉപ്പുമാക്കൽ, കുഞ്ഞൂഞ്ഞ് പൊട്ടം പറമ്പിൽ, തുടങ്ങിയവർ പ്രസംഗിച്ചു.