വയനാടിന് കരുതലുമായി കോണ്ഗ്രസ്
1443039
Thursday, August 8, 2024 5:11 AM IST
26 ലോഡ് സാധനങ്ങൾ കൈമാറി
മലപ്പുറം: ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട വയനാട്ടിലെ ജനതയ്ക്കുള്ള കരുതലും സഹായവുമായി മലപ്പുറം ജില്ലാ കോണ്ഗ്രസ് കമ്മിറ്റി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഭരിച്ച അവശ്യവസ്തുക്കളും ഗൃഹോപകരണങ്ങളും അടങ്ങുന്ന ദുരിതാശ്വാസ സാമഗ്രികൾ ഇന്നലെ മലപ്പുറത്തു നിന്ന് വയനാട്ടിലേക്ക് എത്തിച്ചു.
വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, എളുപ്പത്തിൽ കേടാകാത്തതരത്തിലുള്ള ഭക്ഷ്യസാധനങ്ങൾ എന്നിവയാണ് ലോറികളിൽ കയറ്റി അയച്ചത്. 26 ലോഡ് സഹായ വസ്തുക്കളാണ് ജില്ലയിലെ കോണ്ഗ്രസ് പ്രവർത്തകർ സുമനസുകളുടെ സഹായത്തോടെ വയനാട്ടിലേക്ക് എത്തിച്ചത്. കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ് സാധനങ്ങൾ മേപ്പാടിയിൽ ഏറ്റുവാങ്ങി. ടി. സിദ്ദിഖ് എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ കെയർ നടത്തുന്ന കളക്ഷൻ സെന്ററിലേക്കാണ് ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചത്.
മലപ്പുറം ടൗണ്ഹാൾ പരിസരത്ത് കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എ.പി. അനിൽകുമാർ എംഎൽഎ വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. അജയമോഹൻ, കെപിസിസി സെക്രട്ടറി കെ.പി. അബ്ദുൾമജീദ്, കെപിസിസി അംഗം റഷീദ് പറന്പൻ, എ.എം. രോഹിത്,
ഡിസിസി ഭാരവാഹികളായ ഷാജി പച്ചേരി, ഹാരിസ് ബാബു ചാലിയാർ, അസീസ് ചീരാൻതൊടി, ടി.കെ. ശശീന്ദ്രൻ, കെ.എ. അറഫാത്ത്, വി.എസ്.എൻ. നന്പൂതിരി, പി. ഷഹാർബൻ, ടിപ്പർ അസോസിയേഷൻ ഭാരവാഹികളായ റഫീഖ് തിരൂർക്കാട്, ഹബീബുള്ള പട്ടാക്കൽ, സിദീഖ് കുന്നക്കാവ്, മുബാറക്ക് കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
15 ലോഡ് ദുരിതാശ്വാസ വസ്തുക്കൾ സമാഹരിക്കാനാണ് കോണ്ഗ്രസ് നേതൃത്വം തീരുമാനിച്ചതെങ്കിലും ജനങ്ങൾ ഇതിനെ പൂർണമനസോടെ ഏറ്റെടുക്കുകയായിരുന്നു. ഒരാഴ്ചക്കകം 26 ലോഡ് വസ്തുക്കളാണ് മലപ്പുറം ഡിസിസി ഓഫീസിൽ എത്തിയത്. മഹിള കോണ്ഗ്രസ്, യൂത്ത് കെയർ പ്രവർത്തകരാണ് ഇവ തരംതിരിച്ച് കിറ്റുകളാക്കിയത്. ഇവ വയനാട്ടിലേക്ക് എത്തിക്കാനുള്ള വാഹനങ്ങൾ മങ്കട, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ ടിപ്പർ ലോറി ഉടമസ്ഥരുടെ സംഘടനയാണ് സൗജന്യ സർവീസായി വിട്ടുനൽകിയത്.
ആനമങ്ങാട്: ദുരന്തബാധിതരെ സഹായിക്കുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതി ആനമങ്ങാട് യൂണിറ്റ് 100 കടകളിൽ കളക്ഷൻ ബോക്സുകൾ സ്ഥാപിച്ചു. ആലിപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ മുതിർന്ന വ്യാപാരിയായ സി.പി. സൈതലവിക്ക് കളക്ഷൻ ബോക്സ് നൽകി വ്യാപാരികളുടെ വയനാട് കൈത്താങ്ങ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സമിതി ആനമങ്ങാട് യൂണിറ്റ് സ്ഥാപക പ്രസിഡന്റ് എൻ. പീതാംബരൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം സി.ബാലസുബ്രഹ്മണ്യൻ, സമിതി യൂണിറ്റ് പ്രസിഡന്റ് പി.എം, സംഷാദ്അലി, സെക്രട്ടറി സി.കെ. സിയാസ്, ട്രഷറർ ആസിഫ് കരിന്പനക്കൽ, ആശ്വാസ് പാലിയേറ്റീവ് സെക്രട്ടറി ടി. അഫ്സാർ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. 10 ദിവസത്തെ സമാഹരണത്തിലൂടെ ലഭിക്കുന്ന തുക വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയെ ഏൽപ്പിക്കും.
പുലാമന്തോൾ: വയനാടിനെ കൈപിടിച്ചുയർത്താൻ പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതിയോഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ നൽകാൻ തീരുമാനിച്ചു.
കൊളത്തൂർ: വയനാട്ടിലെ പ്രകൃതി ദുരന്തബാധിതർക്കായി കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ, യുപി വിഭാഗങ്ങൾ സമാഹരിച്ച 1,30,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മഞ്ഞളാംകുഴി അലി എംഎൽഎ ചെക്ക് ഏറ്റുവാങ്ങി. സ്കൂൾ ജെആർസി കേഡറ്റുകൾ സമാഹരിച്ച അവശ്യസാധനങ്ങൾ മൂർക്കനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുനീർ ഏറ്റുവാങ്ങി.
പിടിഎ പ്രസിഡന്റ് കെ.ടി.എ. മജീദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം റഹ്മത്തുന്നിസ, ഗ്രാമപഞ്ചായത്തംഗം ദീപ അഞ്ജനം കാട്ടിൽ, മാനേജർ കെ. ശ്രീകല, എസ്എംസി ചെയർമാൻ മൊയ്തീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികൾ, അധ്യാപകർ, മാനേജ്മെന്റ് ഉൾപ്പെടെയാണ് തുക സമാഹരിച്ചത്.