പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ അസിസ്റ്റന്റ് കളക്ടര്‍ സന്ദര്‍ശിച്ചു
1441880
Sunday, August 4, 2024 5:41 AM IST
എടക്കര: ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ആരംഭിച്ച മേഖലയിലെ ക്യാമ്പുകള്‍ അസിസ്റ്റന്റ് കളക്ടര്‍ വി.എം. ആര്യ സന്ദര്‍ശിച്ചു. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ മേഖലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്ക ഭീഷണിയുള്ളതുമായ സ്ഥലങ്ങളിലെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നേരത്തെ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു.
അതനുസരിച്ച് ആരംഭിച്ച പോത്തുകല്‍ വില്ലേജിലെ പൂളപ്പാടം ഗവണ്മെന്റ് യുപി സകൂളിലെയും കുറുമ്പലങ്ങോട് വില്ലേജിലെ എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും ക്യാമ്പുകളിലാണ് അവര്‍ സന്ദര്‍ശനം നടത്തിയത്. മഴ കുറയുന്ന സാഹചര്യത്തില്‍ ഈ ക്യാമ്പുകളും ഇന്ന് നിര്‍ത്തിയേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ശേഷം ചാലിയാറിന്റെ പനങ്കയം കടവില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനവും അസിസ്റ്റന്റ് കളക്ടര്‍ നേരിട്ടെത്തി വിലയിരുത്തി. തഹസില്‍ദാര്‍ കെ.കെ. ശ്രീകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.പി. പ്രമോദ്, കെ. ശബരീനാഥന്, കുറുമ്പലങ്ങോട് വില്ലേജ് ഓഫീസര്‍ പി. ഉണ്ണികൃഷ്ണന്, പോത്തുകല്‍ വില്ലേജ് ഓഫീസര്‍ വിനോദ് എന്നിവര്‍ സംബന്ധിച്ചു.