വയനാടിന് സഹായ ഹസ്തവുമായി മലപ്പുറം
1441878
Sunday, August 4, 2024 5:41 AM IST
മലപ്പുറം: വയനാടിന് സഹായഹസ്തവുമായി മലപ്പുറം ജില്ല. നിരവധി വ്യക്തികളും, സംഘടനകളും, ക്ലബുകളും, സ്കൂളുകളുമെല്ലാം വയനാടിനെ വീണ്ടെടുക്കാനുള്ള പ്രവർത്തനത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്. മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്കും വയനാട്ടിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്കും സഹായങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്.
പെരിന്തൽമണ്ണ നഗരസഭ 10 ലക്ഷം നൽകും
പെരിന്തൽമണ്ണ: വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ സഹായിക്കുന്നതിനായി പെരിന്തൽമണ്ണ നഗരസഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകും. അടുത്ത കൗൺസിൽ യോഗം തീരുമാനത്തിന് അംഗീകാരം നൽകും. കൂടാതെ നഗരസഭാ ചെയർമാൻ പി.ഷാജി ഒരു മാസത്തെ ഓണറേറിയവും നൽകും.
ഭക്ഷ്യധാന്യങ്ങൾ സമാഹരിച്ച് കര്‍ഷക കോണ്‍ഗ്രസ്
മഞ്ചേരി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വയനാടന്‍ ജനതയെ കരകയറ്റാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഡിസിസി ഓഫീസില്‍ ഏര്‍പ്പെടുത്തിയ ദുരിതാശ്വാസ കളക്ഷന്‍ സെന്ററിലേക്ക് ജില്ലാ കര്‍ഷക കോണ്‍ഗ്രസ് സമാഹരിച്ച ഭക്ഷ്യധാന്യങ്ങള്‍ ജില്ലാ പ്രസിഡന്റ് എ.പി. രാജന്, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് കൈമാറി.
ദുരിതമനുഭവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും കൂടാതെ കര്‍ഷകര്‍ക്കും പിന്തുണയും സഹായവും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വാഗ്ദാനം ചെയ്തു. ജില്ലാ ഭാരവാഹികളായ ഫസലുദീന് വാരണാക്കര, മുഹമ്മദലി , പി.കെ. കോയ, ബാവ മഞ്ചേരി, മഹബൂബ് ചെമ്മല, യൂനുസ് എടവണ്ണ എന്നിവര്‍ പങ്കെടുത്തു.
ദുരിതാശ്വാസ നിധിയിലേക്ക് യുവ വ്യവസായി 10 ലക്ഷം നല്കി
മലപ്പുറം: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നതിനായി കൊണ്ടോട്ടിയിലെ കെഎന്‍പി എക്സ്പോര്‍ട്ട്സ് ആ്ന്‍ഡ് ഇംപോര്‍ട്ട്സ് ചെയര്‍മാനും യുവ വ്യവസായ സംരംഭകനുമായ സുഫിയാന്കാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്കി.
കളക്ടറേറ്റിലെത്തി കളക്ടര്‍ വി.ആര്. വിനോദിന് നേരിട്ട് ചെക്ക് കൈമാറുകയായിരുന്നു. ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി അഞ്ച് ലക്ഷത്തിത്തിന്റെ ചെക്ക് കളക്ടര്‍ക്ക് കൈമാറി.
വയനാടിനായി സ്പിന്നിംഗ് മില്‍ ജീവനക്കാരുടെ ഫണ്ട്
മലപ്പുറം: വയനാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതം നേരിടുന്നവര്‍ക്കായി വ്യവസായ വകുപ്പിന് കീഴിലുള്ള മലപ്പുറം കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലും പങ്കുചേരുന്നു. മില്ലിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് സ്വരൂപിച്ച തുകയുടെ ആദ്യഗഡുവായ ഒരു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്പിന്നിംഗ് മില്‍ മാനേജിംഗ് ഡയറക്ടര്‍ എം.കെ. സലീമും ഡയറക്ടര്‍ കെ. മജ്നുവും ചേര്‍ന്ന് ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ഷേര്‍ലി പൗലോസിന് കൈമാറി.
ചടങ്ങില്‍ ഡെപ്യൂട്ടി മാനേജര്‍ കെ.കെ. രാജന്, അസിസ്റ്റന്റ് മാനേജര്‍മാരായ പി. സജു, പി.സി. അന്‍സാര്‍, യൂണിയന് പ്രതിനിധികളായ ഹംസ മുല്ലപ്പള്ളി, കെ. കിഷോര്‍, പി.പി. അരുണ്‍ചന്ദ്, സക്കീര്‍ ഹുസൈന്, ജാഫര്‍ സാദിഖ്, പി. രാജേഷ്, വിനില്‍ എന്നിവര്‍ പങ്കെടുത്തു.
സ്കോളര്‍ഷിപ്പ് തുക നല്കി നഹ്ദിയ
താഴെക്കോട്: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരെ സഹായിക്കാനായി തനിക്ക് എല്‍കെജി മുതല്‍ ലഭിച്ച സ്കോളര്‍ഷിപ്പുകള്‍ സ്വരൂക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി പാതാക്കര എയുപി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ നഹ്ദിയ.
ഈയിനത്തില്‍ കൈവശമുള്ള 5200 രൂപയും സഹോദരനും താഴെക്കോട് പിടിഎംഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് റിസ്വാന്റെ സ്കോളര്‍ഷിപ്പ് തുകയായ 4800 രൂപയും ചേര്‍ത്ത് ആകെ 10,000 രൂപയുടെ ഡ്രാഫ്റ്റ് കളക്ടറേറ്റിലെത്തി നഹ്ദിയ കളക്ടര്‍ വി.ആര്. വിനോദിന് കൈമാറി. പെരിന്തല്‍മണ്ണ പൊന്നിയാകുര്ശി സ്വദേശി കിഴിശേരിമണ്ണില് ഹംസ-സക്കീന ദമ്പതിമാരുടെ മക്കളാണ് ഇരുവരും.
അവശ്യസാധനങ്ങൾ എത്തിച്ച് കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ
കൊളത്തൂർ: ഒഴിവു ദിവസങ്ങളെ സേവനദിനങ്ങളാക്കി കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ വയനാട്ടിലേക്കായി സമാഹരിച്ചത് ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സാധന സാമഗ്രികൾ.
ത്ത് പേസ്റ്റ് മുതൽ വസ്ത്രങ്ങളുൾപ്പടെയുള്ള അവശ്യ വസ്തുക്കൾ ഇതിൽ ഉൾപ്പെടും. വയനാട് ജില്ലാ കളക്ടറുടെ കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശമനുസരിച്ച് കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്കാണ് എൻസിസി ഓഫീസർ ഡോ. പി. പ്രജീഷ്, വി. വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ സാധനങ്ങൾ എത്തിച്ചത്.
കൊളത്തൂരിലെ വ്യവസായിയായ മേലേപ്പറമ്പത്ത് സുഗുണൻ സൗജന്യമായി തന്റെ ടിപ്പർ ലോറിയും സാധനങ്ങൾ എത്തിക്കാൻ വിട്ടുനൽകി. സ്കൂളിൽ വച്ച് മൂർക്കനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രശ്മികുമാർ യാത്ര ഫ്ലാഗ്ഓഫ് ചെയ്തു.
പിടിഎ പ്രസിഡന്റ് കെ.ടി. എ. മജീദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സക്കീർ കളത്തിങ്ങൽ, കലമ്പൻ വാപ്പു , സജു കൊളത്തൂർ, പി. സീമ, പ്രിൻസിപ്പൽ സി.വി. മുരളി, എസ്എംസി ചെയർമാൻ മൊയ്തീൻ കുട്ടി, എസ്എസ്ജി ചെയർമാൻ പി.എം. ഉണ്ണികൃഷ്ണൻ, ടി. മുരളീധരൻ, കെ.എസ്. സുമേഷ് , ടി. സരോജ ദേവി എന്നിവർ പ്രസംഗിച്ചു.