അന്തിയുറങ്ങാന്‍ ഇടമില്ലാതെ ആദിവാസി കുടുംബം
1441871
Sunday, August 4, 2024 5:41 AM IST
നിലമ്പൂര്‍: മഴയില്‍ വീട്ടില്‍ കയറിയ വെള്ളം ഇറങ്ങിയെങ്കിലും വാസയോഗ്യമായില്ല. ഇതോടെ അന്തിയുറങ്ങാന്‍ ഇടമില്ലാതെ അലയുകയാണ് 84വയസുകാരി മുണ്ടിയും മകളും പേരമകളും ഉള്‍പ്പെടുന്ന ആദിവാസി കുടുംബം. നിലമ്പൂര്‍ നഗരസഭയിലെ തോണിപ്പൊയില്‍ ഡിവിഷനിലാണ് ഇവരുടെ താമസം.
നിത്യരോഗിയായ മുണ്ടിയും മകള്‍ ശാന്തയും പേരമകള്‍ ഗോപികയുമാണ് വീട്ടില്‍ താമസിക്കുന്നത്. കുതിരപ്പുഴയുടെ സമീപത്താണ് ഇവര്‍ താമസിക്കുന്ന വീട്. തൊട്ടടുത്ത് തോടും വയലുമാണ്.
ശക്തമായ മഴയില്‍ പുഴയിലും തോട്ടിലും വയലിലും വെള്ളം ഉയര്‍ന്നതോടെ ഇവരുടെ വീടും വെള്ളത്തിലായി. വീടിന്റെ വാതിലും വീട്ടുപകരണങ്ങളും നശിച്ചു. നഗരസഭ കൗണ്‍സിലര്‍ ഇടപെട്ട് ഇവരെ മയ്യന്താനിയിലെ പകല്‍ വീട്ടിലാക്കി. എന്നാല്‍ അവിടെ നിന്നു ഒഴിയേണ്ട അവസ്ഥയിലാണിപ്പോള്‍. വീടിന്റെ വാതില്‍ പൊളിഞ്ഞിരിക്കുകയണ്. മഴയത്ത് മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നു.
ദുരവസ്ഥ അറിയിച്ചിട്ടും ഐടിഡിപി അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. മഴക്കാലത്ത് ഇവരുടെ വീട്ടില്‍ വെള്ളം കയറല്‍ പതിവാണ്.
2019ല്‍ വീട് പൂര്‍ണമായും വെള്ളത്തിലായിരുന്നു. അന്ന് നഷ്ടപ്പെട്ട ആധാരം ഇതുവരെ ശരിയായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. തൃക്കൈക്കുത്ത് ഇവര്‍ക്ക് 10 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വീട് ലഭിച്ചിട്ടില്ല. നിലവിലുള്ള വീട് വാസയോഗ്യമക്കണമെന്നാണ് ഇവരുടെ ആവശ്യം.