ബസ് വിവര ഡിജിറ്റല്‍ ബോര്‍ഡ് നാടിന് സമര്‍പ്പിച്ചു
1427712
Friday, June 7, 2024 5:42 AM IST
മഞ്ചേരിയിലെത്തുന്നവര്ക്ക് ഇനി ബസ് സമയം അറിയാന്‍ ആരെയും ആശ്രയിക്കേണ്ട
മഞ്ചേരി: മഞ്ചേരിയിലെത്തുന്നവര്ക്ക് ഇനി ബസ് സമയം അറിയാന്‍ ആരെയും ആശ്രയിക്കേണ്ട. സീതി ഹാജി സ്റ്റാന്‍ഡിലെത്തുന്നവര്‍ക്ക് തത്സമയം എല്‍ഇഡി സ്ക്രീനിലൂടെ വിവരങ്ങള്‍ അറിയാം. തത്സമയ ബസ് വിവര ഡിജിറ്റല്‍ ബോര്‍ഡ് മുനിസിപ്പല്‍ ചെയര്പേഴ്സന് വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു.
മഞ്ചേരിയില്‍ നിന്ന് പുറപ്പെടുന്നതും ഇതുവഴി കടന്നുപോകുന്നതുമായ മുഴുവന്‍ ബസുകളുടെയും സമയ വിവരങ്ങള്‍, ബസ് യാത്ര തുടങ്ങുന്ന സമയം, സ്റ്റോപ്പില്‍ എത്തിച്ചേരുന്ന സമയം, ബസിന്റെ റൂട്ട് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ എന്നിവയാണ് ഡിസ്പ്ലേ ബോര്‍ഡ് വഴി അറിയാനാവുക. ജി.പി.എസിന്റെയും ആധുനിക സോഫ്റ്റ്വെയറിന്റേയും സഹായത്തോടുകൂടിയാണ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രവര്‍ത്തിക്കുക.
നിലമ്പൂര്‍, മലപ്പുറം, തിരൂര്‍, പാണ്ടിക്കാട്, വേങ്ങര, പരപ്പനങ്ങാടി, കൊണ്ടോട്ടി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകളുടെ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്ന സമയവും എത്ര മിനിട്ട് സ്റ്റാന്‍ഡില്‍ നില്ക്കും എന്ന വിവരവും സ്ക്രീനില്‍ തെളിയും. ക്രിയേറ്റീവിയോ മീഡിയ അഡ്വര്‍ടൈസിംഗ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വൈസ് ചെയര്മാന് വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയര്മാന്മാരായ യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, എന്‍.കെ. ഖൈറുന്നീസ, കൗണ്‍സിലര്‍മാരായ മരുന്നന്‍ മുഹമ്മദ്, ഹുസൈന് മേച്ചേരി, വി.സി. മോഹനന്, എന്‍.കെ. ഉമ്മര്‍ ഹാജി, മുജീബ് റഹ്മാന് പരേറ്റ, കമ്പനി പ്രതിനിധികളായ ഷമീര്‍ അലി, പി.വി.എം. റാഫി, എം. അന്‍വര്‍, കെ. നിഷാദ്, ഷഹദ് എന്നിവര്‍ പങ്കടുത്തു.