നിലമ്പൂരിലെ ആദ്യ മാര്‍ത്തോമ ഇടവക കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
1420946
Monday, May 6, 2024 5:42 AM IST
നിലമ്പൂര്‍: നിലമ്പൂരിലെ ആദ്യ മാര്‍ത്തോമ ഇടവക കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു. 1950 ഏപ്രില്‍ 16 നാണ് നിലമ്പൂരില്‍ മലബാറിലെ ആദ്യത്തെ മാര്‍ത്തോമ ഇടവക രൂപപ്പെടുന്നത്.
പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ കുന്നംകുളം മലബാര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്കോപ നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ജോബി തോമസ് ശാമുവേല്‍ അധ്യക്ഷത വഹിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. സജു ബി. ജോണ്‍ പ്ലാറ്റിനം ജൂബിലിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ പി.വി. ബിനു വര്‍ഗീസ് ഇടവകയുടെ ലഘു ചരിത്രവും ജൂബിലി പ്രൊജക്ടിന്റെ അവതരണവും നടത്തി. ബിഷപ് സെക്രട്ടറി ഫാ. ലിജോ ജെ. ജോസഫ്, ഇടവക സെക്രട്ടറി ഷീന ബെന്നി, ഇടവക ട്രസ്റ്റി എം.ജി. ചെറിയാന്, ഇടവക പ്രതിനിധി പി.ജെ. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഗായക സംഘത്തിന്റെ ഗാനശുശ്രൂഷ, സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും നടത്തി.
ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തന പദ്ധതികളാണ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. പദ്ധതിയിലൂടെ ഡയാലിസിസ് രോഗികള്‍ക്ക് വൈദ്യസഹായം, നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പഠനസഹായം, നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായം എന്നിവ കൂടാതെ ബോധവത്കരണ കൂട്ടായ്മ, ദേശകൂട്ടായ്മ, ഉണര്‍വ് കൂട്ടായ്മ, ആദരവ്, സ്നേഹ സംഗമം, ജൂബിലി ഉദ്യാനം, ഇടവക ഡയറക്ടറി ഇങ്ങനെ എട്ടിനം പരിപാടികള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ നടത്തും.